സിഡ്‌നി: കൗമാരപ്രായത്തിലുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മുന്‍നിരയിലുള്ള യൂട്യൂബ് കാണുന്നതിന് ഓസ്‌ട്രേലിയയില്‍ വിലക്കു വരുന്നു. ഇക്കൊല്ലം ഡിസംബറോടെ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നാണറിയുന്നത്. പതിനാറു വയസു വരെയുള്ള കൗമാരക്കാരെ പ്രാധാന സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നു വിലക്കിയിരുന്നപ്പോഴും യൂട്യൂബിനു നല്‍കിയിരുന്ന ഒഴിവാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്.
അടുത്തയിടെ നടന്ന ഒരു സര്‍വേ പ്രകാരം യൂട്യൂബിലെ ഉള്ളടക്കില്‍ മുപ്പത്തേഴു വിപരീത ഫലമുളവാക്കുന്നവയാണെന്ന് കൗമാരപ്രായക്കാര്‍ തന്നെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് യൂട്യൂബിനു കൂടി നിരോധനം പ്രാബല്യത്തിലാക്കുന്നതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ അതോറിറ്റിയും ആവശ്യമുന്നയിച്ചിരുന്നു.
യൂട്യൂബിന്റെ തന്നെ കണക്കു പ്രകാരം ഓസ്‌ട്രേലിയയിലെ പതിനഞ്ചു വയസില്‍ താഴെയുള്ള സാമൂഹ്യമാധ്യമ ഉപഭോക്താക്കളില്‍ മുക്കാല്‍ ഭാഗവും തങ്ങളുടെ കാഴ്ചക്കാരാണെന്നു യൂട്യൂബ് തന്നെ വ്യക്തമാക്കിയിരുന്നതാണ്. എങ്കിലും തങ്ങളെ സോഷ്യല്‍ മീഡിയയുടെ കൂടെ ഗണിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. മൊബൈലുകള്‍ക്കു പകരം തങ്ങളുടെ കാഴ്ചക്കാരില്‍ നല്ലൊരു പങ്കും ടിവി സ്‌ക്രീനില്‍ പരിപാടികള്‍ കാണുന്നതു കൊണ്ട് സാമൂഹ്യ മാധ്യമ വിഭാഗത്തില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു യൂട്യൂബിന്റെ വാദം.
എങ്കില്‍ കൂടി അധ്യാപകര്‍ക്കിടയില്‍ യൂട്യൂബിനുള്ള സാധ്യതകള്‍ കണക്കിലെടുത്തായിരുന്നു അവര്‍ക്കു മേല്‍ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നത്. അതേസമയം ഈ തീരുമാനത്തിനെതിരേ ഇതര സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. നിരോധനം നിലവില്‍ വന്നാലും അധ്യാപകര്‍ക്ക് യുട്യൂബ് വീഡിയോകള്‍ വിദ്യാര്‍ഥികളെ കാണിക്കുന്നതിന് അനുവാദമുണ്ടായിരിക്കുമെന്നാണറിയുന്നത്.
ഓസ്‌ട്രേലിയയില്‍ കൗമാരക്കാര്‍ക്കു യൂട്യൂബ് വിലക്ക്
