അബുദാബി: അനുമതിയില്ലാതെ യുവതിയുടെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവച്ചതിന് യുവാവിന് ഇരുപതിനായിരം ദിര്‍ഹം (4.79 ലക്ഷം രൂപ) പിഴ ലഭിച്ചതായി റിപ്പോര്‍ട്ട്. അബുദാബി കോടതിയാണ് ഇത്രയും കനത്ത ശിക്ഷ വിധിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഏറ്റവും വില കല്പിക്കുന്ന അറേബ്യന്‍ രാജ്യമാണ് യുഎഇ. അതിനാലാണ് ഇത്രയും വലിയ ശിക്ഷ ലഭിക്കുന്നതും.
പരാതിക്കാരിയുടെ അനുമതിയില്ലാതെ പ്രതി ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതായി കോടതി കണ്ടെത്തി. സ്വകാര്യതയുടെ ലംഘനം പരാതിക്കാരിക്ക് ധാര്‍മികവും മാനസികവുമായ പ്രശ്നങ്ങള്ക്കിടയാക്കിയെന്ന വാദം കോടതി ശരിവയ്ക്കുകയായിരുന്നു. തന്റെ അഭിമാനത്തിന് കോട്ടം വരുത്തിയതിന് പരിഹാരമായി അമ്പതിനായിരം ദിര്‍ഹമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെങ്കിലും ഇരുപതിനായിരം അനുവദിക്കുകയായിരുന്നു. സ്വകാര്യതാ ലംഘനത്തിന് പിഴയ്ക്കു പുറമെ ക്രിമിനല്‍ നിയമമനുസരിച്ചുള്ള ശിക്ഷകള്‍ കൂടി വിധിക്കുന്നതാണ് യുഎഇയിലെ രീതി. ഇക്കാര്യത്തില്‍ അത്രത്തോളം കാര്യങ്ങള്‍ എത്തിയില്ലെന്നു മാത്രം.

