സമൂഹ മാധ്യമത്തിലൂടെ ഭീകരപ്രവര്‍ത്തനം, സിഡ്‌നിയില്‍ യുവതി അറസ്റ്റില്‍, രണ്ടു കേസ് ചുമത്തി

സിഡ്‌നി: സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദവും തീവ്രവാദവും പ്രചരിപ്പിച്ച കുറ്റത്തിന് സിഡ്‌നിയില്‍ യുവതി അറസ്റ്റില്‍. യുവതിയുടെ പേരുവിവരങ്ങള്‍ ഫെഡറല്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫോണില്‍ നിന്ന് ഡസന്‍ കണക്കിന് തീവ്രവാദ പ്രചാരണ പോസ്റ്റുകളും ഫയലുകളും കണ്ടെടുത്തു. ക്വേക്കേഴ്‌സ് ഹില്ലില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് ഫെഡറല്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ മുതല്‍ ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അങ്ങേയറ്റം ഗുരുതര സ്വഭാവത്തിലുള്ള തീവ്രവാദ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായ തെളിവു ലഭിച്ചതോടെയായിരുന്നു അറസ്റ്റും തുടര്‍ നടപടികളുമുണ്ടാകുന്നത്.

സിഡ്‌നി സ്വദേശി തന്നെയായ മറ്റൊരു ചെറുപ്പക്കാരനാണ് ഇവര്‍ക്കു തീവ്രവാദ സന്ദേശങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കായും തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. പ്രചരിപ്പിക്കുന്ന തീവ്രവാദ നിലപാടുകള്‍ക്കായി മരിക്കാന്‍ പോലും തയാറായിരിക്കണമെന്നാണ് ഇവര്‍ സന്ദേശങ്ങളിലൂടെ മറ്റുള്ളവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ഇത്തരത്തിലുള്ള 43 ഫയലുകളാണ് ഇവര്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയ ഫയലുകളെല്ലാം ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാസിപ്പിക്കുന്നതും അതിനായി മരിക്കാന്‍ ആവശ്യപ്പെടുന്നതുമാണ്. ഇവര്‍ സ്വന്തമായി രണ്ടു സമൂഹ മാധ്യ അക്കൗണ്ടുകളാണ് സൂക്ഷിച്ചിരുന്നത്. ഇവ രണ്ടിലൂടെയും പ്രചരിപ്പിച്ചിരുന്നത് ഒരേ സ്വഭാവത്തിലുള്ള സന്ദേശങ്ങള്‍ തന്നെയായിരുന്നു. രണ്ടു കേസുകളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. രണ്ടിലും അഞ്ചു വര്‍ഷം വീതം തടവു ശിക്ഷ ലഭിക്കാനിടയുള്ളതാണ്.