ഹോക്കി ഇതിഹാസം ഷാഹിദിന്റെ വീടിനു മേല്‍ കയറിയിറങ്ങി യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍

വാരാണസി: ഹോക്കിയില്‍ ഇന്ത്യയുടെ യശസ് ഭൂഗോളത്തോളം ഉയര്‍ത്തിയ ഒളിമ്പ്യന്‍ മുഹമ്മദ് ഷാഹിദിന്റെ വീടിനു മുകളിലും യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസറുകള്‍ കയറിയിറങ്ങി. പത്മശ്രീ ജേതാവും 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗവുമായിരുന്നു മുഹമ്മദ് ഷാഹിദ്. റോഡ് വികസനത്തിന്റെ പേരു പറഞ്ഞാണ് ഇദ്ദേഹത്തിന്റെ വീട് നഗര ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടിച്ചു നിരത്തിയത്. 2016ല്‍ അന്തരിച്ച ഷാഹിദിന്റെ കുടുംബാംഗങ്ങളുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് പോലീസ് അകമ്പടിയിലെത്തിയ റവന്യൂ സംഘം വീട് കല്ലിന്‍മേല്‍ കല്ലു ശേഷിക്കാത്ത അവസ്ഥയിലെത്തിച്ചത്. ആകെ പതിമൂന്നു വീടുകള്‍ മാത്രമാണിവിടെ പൊളിച്ചു നീക്കിയത്. താരത്തിന്റെ ഓര്‍മകളുറങ്ങുന്ന വീട് തകര്‍ക്കരുതെന്ന് സഹോദരങ്ങളും ആരാധകരും പലതരത്തില്‍ അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടതേയില്ല.