സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആദിവാസി സമൂഹമായ വാഡേയയുടെ യിഡിയി ഉത്സവം അതിഗംഭീരമായി മുന്നേറുന്നു. നൂറുകണക്കിന് കാഴ്ചക്കാരാണ് ഓരോ പരിപാടിക്കും എത്തുന്നത്. വാഡേയ സമൂഹത്തിലെ അംഗങ്ങള്‍ക്കു പുറമ ദൂരെ നിന്നുള്ള ആദിവാസി സമൂഹങ്ങളില്‍ നിന്നും കാഴ്ചക്കാരായി ആളുകള്‍ എത്തുന്നുണ്ട്.

വാഡേയ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകകള്‍ക്കും അക്രമങ്ങള്‍ക്കും അറുതിയുണ്ടാകണമെന്ന ആഗ്രഹത്തില്‍ മൂപ്പന്‍മാര്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് യിഡിയി ഉത്സവം നടത്തുന്നത്. ഓരോ വര്‍ഷം ചെല്ലുന്തോറും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കാഴ്ചക്കാരായി എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവാണ് കാണുന്നത്. നോര്‍തേണ്‍ ടെറിറ്ററിയിലാണ് വാഡേയകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇവര്‍ക്കിടയില്‍ ഒരു ഡസനിലധികം കുലങ്ങളാണുള്ളത്. ഓരോ കുലവും വര്‍ഗത്തിനുള്ളിലെ ഉപവര്‍ഗങ്ങള്‍ പോലെയാണെങ്കിലും ഇവര്‍ക്കിടയില്‍ കുടിപ്പകകളുടെ നീണ്ട ചരിത്രമാണുള്ളത്. അതിന്റെ ഇന്നലെകളില്‍ നിന്ന് അടുത്ത തലമുറയെയെങ്കിലും മോചിപ്പിക്കുന്നതിനു വേണ്ടിയാണ് യിഡിയി പോലെയുള്ള ആഘോഷങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഓരോ കുലത്തിനും തനതായ നൃത്തരൂപങ്ങളും സംഗീത രൂപങ്ങളുമുണ്ട്. അത്തരം നൃത്തവും സംഗീതവും തന്നെയാണ് യിഡിയി ഉത്സവത്തില്‍ ആദ്യന്തം അരങ്ങിലെത്തിക്കൊണ്ടിരിക്കുന്നത്.

