ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ പെട്ടെന്ന് മഞ്ഞുരുകുന്നതിനു കാരണമെന്തായിരിക്കും. ഒരു വശത്ത് ചൈന ഇന്ത്യയുടെ അതിരു മാന്തുമ്പോള്‍ ഇന്ത്യ ചൈനയുടെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നു. ഇങ്ങനെ സംഘര്‍ഷഭരിതമായി നിന്ന സാഹചര്യത്തില്‍ നിന്ന് ഉദ്യോഗസ്ഥതല സംഭാഷണത്തിലേക്കും ഇപ്പോള്‍ രാഷ്ട്രത്തലവന്മാരുടെ തലത്തിലുള്ള സംഭാഷണത്തിലേക്കും കാര്യങ്ങള്‍ നീങ്ങിയതിനു പിന്നിലെ കാരണമെന്തായിരിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രഹസ്യമായി നല്‍കിയൊരു കത്തില്‍ നിന്നാണ് മഞ്ഞുരുക്കത്തിന്റെ തുടക്കമെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് എന്‍ഡി ടിവിയുടെ വെളിപ്പെടുത്തല്‍.
ഈ വര്‍ഷം ആദ്യമായിരുന്നു ട്രംപ് ആദ്യം ചൈനയ്ക്കെതിരേ ചന്ദ്രഹാസമെടുക്കുന്നത്. ട്രംപിനെ ഒന്നിച്ചു നിന്നു ചെറുക്കുന്നതില്‍ ഇന്ത്യയ്ക്കു താല്പര്യമുണ്ടോയെന്നു മെല്ലെയൊരു ടെസ്റ്റ്. ഷീ അതിനു തിരഞ്ഞെടുത്ത വഴി രാഷ്ട്രപതി ദ്രൗപദി മുര്‍മു വഴിയായിരുന്നുവെന്ന് എന്‍ഡി ടിവി പറയുന്നു. ഷീയുടെ ഓഫീസില്‍ നിന്നു മുര്‍മുവിന് ഒരു കത്ത് വരുന്നു. ഒട്ടും വൈകിയില്ല ആ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുര്‍മുവിന്റെ ഓഫീസ് കൈമാറുന്നു. ഇതില്‍ നിന്നായിരുന്നുവത്രേ മാറ്റങ്ങളുടെ തുടക്കം. ആ കത്തില്‍ ഷീ അറിയാനാഗ്രഹിച്ചത് ചൈനയെ ദ്രോഹിക്കാന്‍ ട്രംപ് ഇന്ത്യയെ കരുവാക്കുമോ എന്നായിരുന്നു.
അങ്ങനെയിരിക്കേ, ജൂണ്‍ ആയപ്പോള്‍ ട്രംപ് ഇന്ത്യയോടും പ്രതികാരബുദ്ധിയോടെ കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങുന്നു. അതോടെ പഴയ കത്തിനെ മോദിയുടെ ഓഫീസ് ഗൗരവത്തോടെയെടുക്കുന്നു. താരിഫ് ഭീഷണി പോലെ തന്നെ മോദിക്കു കണക്കു തീര്‍ക്കാനുണ്ടായിരുന്നത് പഹല്‍ഗാം പ്രശ്നത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ട്രംപ് ഇടപെട്ടുവെന്ന വായ്ത്താരി കൂടിയാണ്. മോദിയുടെ പക്കല്‍ നിന്ന് പച്ചക്കൊടി ലഭിക്കുന്നതോടെ 2020ലെ അതിര്‍ത്തി പ്രശ്നത്തെ മാറ്റിനിര്‍ത്തി പരസ്പര സഹകരണത്തിന്റെ വഴി തേടിക്കൂടേയെന്നായി ഷീയുടെ ഗവണ്മെന്റ്. അതിനു അനുകൂലമായ ഉത്തരം ഇന്ത്യ നല്‍കിയതോടെയാണ് പരസ്പര സഹകരണത്തിന്റെ അന്തരീക്ഷം വളരുന്നതും ഇന്നത്തെ സൗഹൃദത്തിന്റെ തലത്തിലേക്ക് അതു മാറുന്നതും. ചൈന അതോടെ ഇന്ത്യയിലേക്ക് യൂറിയ കയറ്റി അയയ്ക്കാന്‍ അനുമതി കൊടുക്കുന്നു. ഇന്ത്യയാകട്ടെ പകരം വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ചൈനീസ് പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് വീസ അനുവദിക്കുന്നു. ഇത്രയുമായപ്പോഴേക്കും ആഹ്ലാദത്തിന്റെ വാക്കുകള്‍ ഷീയുടെ നാവില്‍ നിന്നു വരുന്നു, വ്യാളിയും ആനയും ഒന്നിച്ചു നൃത്തം ചെയ്യുന്നതാണ് ശരിയായ തീരുമാനമെന്ന്. വ്യാളി ചൈനയുടെ പ്രതീകവും ആന ഇന്ത്യയുടെ പ്രതീകവുമെന്ന് പറയാതെ തന്നെ വ്യക്തം. ഷീയുടെ വാക്കുകളെ ജൂലൈ ആയപ്പോഴേക്ക് ചൈനയിലെ ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ദി ഗ്ലോബല്‍ ടൈംസ് മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ നൃത്തമെന്നത് ബാലേ എന്നായി മാറിയത്രേ. ഇത്രയുമായപ്പോഴാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കു മോദി ചൈനയിലെത്തുന്ന കാര്യത്തിലും ഷീയുമായി ചര്‍ച്ച നടത്തുന്ന കാര്യത്തിലും തീരുമാനമായിരിക്കുന്നതെന്ന് എന്‍ഡി ടിവി പറയുന്നു.
ട്രംപിനൊരു പണി കൊടുക്കാന്‍ എന്തായിരിക്കും ദ്രൗപദി മുര്‍മുവിന് ഷീ എഴുതിയത്
