മെല്‍ബണ്‍: ഞായറാഴ്ച തായ്‌ലന്‍ഡില്‍ ആരംഭിക്കുന്ന വേള്‍ഡ് സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് ഡബിള്‍സില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്നവരില്‍ ഒരാള്‍ മലയാളി. തൃശൂര്‍ സ്വദേശിയായ ജിനു വര്‍ഗീസാണ് കേരളത്തിനു കൂടി പെരുമയേകുന്ന ഈ താരം. 35 വയസ് മുതല്‍ 39 വയസ് വരെയുള്ള പുരുഷന്‍മാരുടെ വിഭാഗത്തില്‍ ജിനുവിന്റെ കൂട്ടുകളിക്കാരനും ഇന്ത്യക്കാരന്‍ തന്നെയാാണ്-അങ്കുര്‍ ഭാട്ടിയ.
ഐടി വിദഗ്ധനായാണ് ജിനു ഓസ്‌ട്രേലിയയില്‍ എത്തിയതെങ്കിലും ചെറുപ്പം മുതല്‍ ഒപ്പമുള്ള ബാഡ്മിന്റണ്‍ പ്രേമമാണ് ഇയാളുടെ കരിയര്‍ തന്നെ മാറ്റിയെഴുതിയത്. ഇന്നിപ്പോള്‍ പ്രവാസ ലോകത്ത് ജിനു അറിയപ്പെടുന്നത് ഒന്നാം നിര പരിശീകനും സ്‌പോര്‍ട്ടിവ് ബാഡ്മിന്റണ്‍ അക്കാദമിയുടെ സ്ഥാപകനും എന്ന നിലയിലാണ്. നൂറിലധികം കുട്ടികള്‍ക്കും ബാഡ്മിന്റണ്‍ സ്‌നേഹികള്‍ക്കുമാണിപ്പോള്‍ ജിനുവിന്റെ അക്കാദമിയില്‍ പരിശീലനം ലഭിക്കുന്നത്. രാജ്യാന്തര മത്സരത്തില്‍ പ്രവാസരാജ്യത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയപ്പോള്‍ ജിനുവിന് നന്ദി പറയാനുള്ളത് തനിക്കു പിന്തുണ നല്‍കിയ എല്ലാവരോടുമാണ്. വിശേഷിച്ച് പരിശീലകരോടും കുടുംബത്തോടും കൂട്ടുകളിക്കാരോടും. ഓസ്‌ട്രേലിയന്‍ ടീമിന്റെ പച്ചയും സ്വര്‍ണ നിറവുമുള്ള ജഴ്‌സി ധരിക്കുന്നത് ബഹുമതിയായാണ് ജിനു കാണുന്നത്.
തൃശൂര്‍ ജില്ലയിലെ കൊരട്ടി സ്വദേശിയാണ് ജിനു വര്‍ഗീസ്. ഭാര്യ എമിലി മെല്‍ബണില്‍ രജിസ്റ്റേഡ് നഴ്‌സായി ജോലി ചെയ്യുന്നു. മക്കളായ ഈതനും നെയ്തനും പിതാവിന്റെ വഴിയേ ബാഡ്മിന്റണില്‍ മികവു തെളിയിക്കാനുള്ള പരിശീലനത്തിലാണ്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ ജഴ്‌സി അണിയുക മലയാളി
