വീട്ടിലിരുന്നു പണി എന്ന കോവിഡ് ശീലത്തെ അവകാശമാക്കി മാറ്റാന്‍ വിക്ടോറിയ

മെല്‍ബണ്‍: വര്‍ക്ക് ഫ്രം ഹോം തൊഴിലാളികളുടെ അവകാശമായി പ്രഖ്യാപിക്കുന്ന നിയമം നിര്‍മിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ സംസ്ഥാനമായി വിക്ടോറിയ മാറുന്നു. ഇങ്ങനെ നിയമം വരുന്നതോടെ സ്വകാര്യ, പൊതു മേഖലകളില്‍ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം വര്‍ക്ക് ഫ്രം ഹോം അവകാശമായി ലഭിക്കുമെന്ന് പ്രീമിയര്‍ ജസീന്ത അലന്‍ പറഞ്ഞു. എന്നാല്‍ തൊഴില്‍ സ്ഥലത്തു തന്നെ പോയി ജോലിചെയ്യേണ്ടത് ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കില്ല.
വ്യവസായങ്ങളിലെ തൊഴില്‍ ബന്ധങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ വിഷയമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും കേന്ദ്രതലത്തിലുള്ള കൂടിയാലോചനകള്‍ കൂടി നിയമനിര്‍മാണത്തിനു മുമ്പു നടക്കും. പുതിയ തീരുമാനത്തിന് എതിരായും അനുകൂലമായും പ്രതികരിക്കുന്നവരുണ്ട്. അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പായി നിയമനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.