മുംബൈ: ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഐസിസി വിമന്‍സ് ലോക കപ്പില്‍ മുത്തമിട്ടത് മറ്റൊരു റെക്കോഡ് കൂടിയാണ് സ്ഥാപിച്ചത്. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ കന്നിവിജയം വിവിധ ഇലക്ട്രോണിക് മാധ്യമങ്ങളിലെ വ്യൂവര്‍ഷിപ്പില്‍ കൂടിയാണ് റെക്കോഡ് സ്ഥാപിച്ചത്. ഹര്മന് പ്രീത് കൗറും സംഘവും അടിച്ചു തകര്‍ത്ത് വിജയത്തിലേക്ക് ബാറ്റു വീശുന്നത് ഡിസ്നി ഹോട്സ്റ്റാറില് മാത്രം കണ്ടത് പതിനെട്ടര കോടി ജനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പുരുഷ ട്വന്റി20 ലോകകപ്പ് ഫൈനലിലെ വ്യൂവര്‍ഷിപ്പിനു തുല്യമാണിത്.
ടിവിയില്‍ ഫൈനല്‍ കണ്ടവരുടെ എണ്ണവും തീരെ മോശമല്ല, 9.2 കോടി ആള്‍ക്കാരാണ് ഈ മത്സരം ടിവിയില്‍ കണ്ടത്. രണ്ടും കൂടി ചേരുമ്പോള്‍ വ്യൂവര്‍ഷിപ്പില്‍ പുതിയ ഉയരങ്ങളാണ് സൃഷ്ടിച്ചത്. വനിതാ ലോകകപ്പ് മത്സരങ്ങളുടെ ആകെയുള്ള വ്യൂവര്ഷിപ്പാകട്ടെ 44.8 കോടിയാണ്. കഴിഞ്ഞ മൂന്നു വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് മൊത്തത്തില്‍ ലഭിച്ച വ്യൂവര്ഷിപ്പിനെക്കാളും കൂടുതലാണ് ഇക്കൊല്ലത്തെ മാത്രം ലോകകപ്പിനു ലഭിച്ചത്.

