പാക്കിസ്ഥാനെതിരേ വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം

കൊളംബോ: ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ തെളിച്ച വഴി തന്നെ ഐസിസി വനിതാ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കും. ചിരവൈരികളായ പാക്കിസ്ഥാനെ 88 റണ്‍സിന് ഇന്ത്യന്‍ പെണ്‍പുലികള്‍ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നു. ഹര്‍ലീന്‍ ഡിയോള്‍-46, റിച്ച ഘോഷ്-35 നോട്ടൗട്ട്, ജമീമ റോഡ്രിഗ്‌സ്-32, പ്രതീക റാവല്‍-31 എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മുപ്പതില്‍ അധികം റണ്‍സ് നേടിയത്. പാക്കിസ്ഥാന്റെ ഡയാന ബെയ്ഗ് നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് 26 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് ശ്രദ്ധയോടെ കളിച്ച് സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ചുറി നേടിയ സിമ്ര അദീനും-81, നതാലിയ പെര്‍വൈസു-33 മായിരുന്നു പാക്കിസ്ഥാന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ ഇവര്‍ ഇരുവരും പുറത്തായതോടെ പാക്കിസ്ഥാന്‍ തളര്‍ന്നു. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സായിരുന്നു ഇവര്‍ പുറത്താകുമ്പോള്‍ പാക്കിസ്ഥാന്റെ സ്‌കോര്‍. പിന്നീട് 57 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ചു വിക്കറ്റുകളും ഇന്ത്യന്‍ ബൗളിങ്ങിന് ഇരയായി. ഇന്ത്യയ്ക്കു വേണ്ടി ക്രാന്തി ഗൗഡും ദീപ്തി ശര്‍മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്‌നേഹ് റാണി രണ്ടു വിക്കറ്റുമെടുത്തു.