കാസര്‍കോട്: അന്യ മതസ്ഥനുമായുള്ള പ്രണയത്തെ തുടര്‍ന്ന് മകളെ വീട്ടുതടങ്കലിലാക്കിയ പിതാവിനെതിരേ മകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ ഏറെ ചര്‍ച്ചയ്ക്കു വഴി വയ്ക്കുന്നു. സിപിഎമ്മിന്റെ ഉദുമ ഏരിയ കമ്മിറ്റി അംഗം പി വി ഭാസ്‌കരനാണ് മകള്‍ സംഗീതയെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍ പെട്ട യുവാവുമായി സംഗീത പ്രണയത്തിലാണെന്ന വിവരം വീട്ടില്‍ അറിഞ്ഞതു മുതലാണ് താന്‍ വീട്ടുതടങ്കലിലായിരിക്കുന്നതെന്ന് വീഡിയോയില്‍ സംഗീത ആരോപിക്കുന്നു. ഈ വീഡിയോ തന്റെ അവസാനത്തെ പ്രതീക്ഷയാണെന്നാണ് യുവതി പറയുന്നത്.
വിവാഹ മോചിതയായ സംഗീത വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്കു താഴേക്കു തളര്‍ന്ന അവസ്ഥയിലാണ്. വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുകയാണ്. തനിക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തിന്റെ ശ്രമം. വിവാഹ മോചനസമയത്ത് ലഭിച്ച മുഴുവന്‍ പണവും പിതാവും സഹോദരനും ചേര്‍ന്നു തട്ടിയെടുക്കുകയായിരുന്നു. പിന്നീട് മുസ്ലിം സമുദായത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിക്കണമെന്നു പറഞ്ഞപ്പോള്‍ ഇരുവരും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. യുവതി ആരോപിക്കുന്നു.
കമ്യൂണിസം വീടിനു പുറത്തു മതി, വീടിനകത്ത് അതൊന്നും നടപ്പില്ല, പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊല്ലും. കേസില്‍ നിന്നെല്ലാം ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നൊക്കെ പറഞ്ഞാണ് പിതാവിന്റെ ഭീഷണിയെന്ന് സംഗീത വീഡിയോയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നേരത്തെ കാസര്‍കോട് എസ്പിക്കും കളക്ടര്‍ക്കും ഇവര്‍ പരാതി സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.

