ഗാന്ധിനഗര്‍ (ഗുജറാത്ത്): പുരാണങ്ങളില്‍ നടന്നതായി പറയപ്പെടുന്ന അഗ്നിശുദ്ധിയുടെ പുതിയ വേര്‍ഷന്‍ എണ്ണശുദ്ധിയിലൂടെ പാതിവ്രത്യം തെളിയിക്കാന്‍ ഗുജറാത്തില്‍ ശ്രമം. മെഹ്‌സാന ജില്ലയിലെ വിജാപ്പൂര്‍ താലൂക്കില്‍ ഗെരിറ്റ എന്ന ഗ്രാമത്തിലാണ് ഭര്‍തൃ ബന്ധുക്കള്‍ ഒരു മുപ്പതുകാരിയെ നിര്‍ബന്ധിച്ച് തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കിച്ചത്. കൈകള്‍ക്കു ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഭര്‍ത്താവിന്റെ സഹോദരിയും മറ്റു മൂന്നു പേരുമാണ് യുവതിയെ എണ്ണ ശുദ്ധിക്കായി നിര്‍ബന്ധിക്കുന്നത്. ഇവര്‍ പല വിധത്തില്‍ പറഞ്ഞ് നിര്‍ബന്ധിക്കുന്നതും ഒടുവില്‍ സ്വന്തം ദാമ്പത്യ ഭദ്രതയെക്കരുതി മനസില്ലാമനസോടെ യുവതി എണ്ണയില്‍ കൈ മുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. പൊള്ളലേറ്റതോടെ നിലവിളിച്ചു കൊണ്ട് യുവതി കൈ വലിച്ചെടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഭര്‍ത്താവിനോടു യുവതി വിശ്വസ്ത പുലര്‍ത്തുന്നില്ലെന്നായിരുന്നു നാത്തൂന്‍ ജമുനയുടെ ആരോപണം. വിശ്വസ്തത തെളിയിക്കണമെങ്കില്‍ തിളച്ച എണ്ണയില്‍ കൈ മുക്കണമെന്ന് അവര്‍ പറയുകയായിരുന്നു. അവരുടെ ഭര്‍ത്താവും മറ്റു രണ്ടു പുരുഷന്‍മാരും ഇതിനു നിര്‍ബന്ധിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു. പതിവ്രതമാരുടെ കൈകളെ പൊള്ളിക്കാന്‍ തിളച്ച എണ്ണയ്ക്കു പോലും കഴിയില്ലെന്നായിരുന്നു അവരുടെ വാദം. നിര്‍ബന്ധം സഹിക്കാന്‍ കഴിയാതായതോടെയാണ് യുവതി കൈമുക്കാന്‍ സമ്മതിക്കുന്നത്. ജമുന, ഭര്‍ത്താവ് മനുഭായ് താക്കൂര്‍, ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പുരുഷന്‍മാര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ആങ്ങളയോട് ഭാര്യയ്ക്ക് വിശ്വസ്തതയില്ലെന്നു നാത്തൂന്‍, തെളിയിക്കാന്‍ എണ്ണശുദ്ധി, കൈ വെന്ത യുവതി ആശുപത്രിയില്‍

