സഞ്ജു സാംസണ്‍ കൂടുവിട്ട് കൂടുമാറുമോ

ചെന്നൈ: ഇക്കൊല്ലത്തെ ഐപിഎല്‍ തുടങ്ങാനിരിക്കേ സഞ്ജു സാംസണ്‍ ആരുടെ ജഴ്‌സിയണിഞ്ഞായിരിക്കും ക്രീസിലിറങ്ങു എന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ സാംസന്റെ ബാറ്റിങ്ങിന്റെ അതേ വേഗതയില്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ പരക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഫ്രാഞ്ചൈസി താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയിറങ്ങാന്‍ കളമൊരുങ്ങിയെന്നാണ് പ്രമുഖ സ്‌പോര്‍സ് മാധ്യമങ്ങളായ ക്രിക്ക്ബസ്, ഈഎസ്പിഎന്‍, ക്രിസിന്‍ഫോ തുടങ്ങിയവരെല്ലാം പ്രവചിക്കുന്നത്.
എട്ടു വര്‍ഷം നീണ്ട ബന്ധമാണ് സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സുമായുള്ളത്.
ഐപിഎല്‍ മത്സരങ്ങളില്‍ രാജസ്ഥാനു വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന സ്ഥാനവും മലയാളിയായ സഞ്ജുവിനുള്ളതാണ്. അതുപോലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കാപ്റ്റനെന്ന സ്ഥാനവും ഇദ്ദേഹത്തിനു തന്നെ. 2026ലെ ഐപിഎലില്‍ നിന്നു ടീമില്‍ നിന്നു പിന്‍വാങ്ങുകയാണെന്ന് ടീം മാനേജര്‍മാരെ സഞ്ജു അറിയിച്ചു കഴിഞ്ഞുവെന്നാണ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ കരുതുന്നത്. ഈ വിവരം പുറത്തു വന്നതോടെ സിഎസ്‌കെ വലയുമായി ഇറങ്ങിയിട്ടുണ്ടത്രേ. എന്തായാലും കഴിഞ്ഞ ഐപിഎല്‍ കഴിഞ്ഞയുടന്‍ തന്നെ താരം സിഎസ്‌കെ മാനേജ്‌മെന്റുമായും ടീമിന്റെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അമേരിക്കയില്‍ വച്ചു നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ ആരും പുറത്തു വിട്ടിട്ടില്ല.
സഞ്ജുവിന് ഭൈമീകാമുകന്‍മാര്‍ ഏറെയുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. മൂന്നു തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചരിത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇക്കൂടെയുണ്ട്. എന്നാല്‍ അവര്‍ക്ക് അനുകൂലമായി സഞ്ജുവില്‍ നിന്ന് നീക്കമൊന്നും നടന്നതായി ഇതുവരെ വെളിവായിട്ടില്ല.