ഭാരതാംബയില്‍ തട്ടി മുഖ്യമന്ത്രി രാജ്ഭവന്‍ വിടുമോ, ഞായറാഴ്ച അറിയാം

തിരുവനന്തപുരം: രാജ്ഭവനില്‍ ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിനു ശേഷം ആദ്യമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാജ്ഭവനിലെത്തുന്നു. രാജ്ഭവനുമായി ബന്ധപ്പെട്ട വിശേഷങ്ങളുമായി പ്രസിദ്ധീകരിക്കാന്‍ പോകുന്ന രാജഹംസ എന്ന വാര്‍ത്താപത്രികയുടെ പ്രകാശനമാണ് രാജ്ഭവനില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി. മുഖ്യമന്ത്രിയില്‍ നിന്ന് ഇതിന്റെ ആദ്യപ്രതി ഏറ്റുവാങ്ങുന്നത് ശശി തരൂര്‍ എംപി. അധ്യക്ഷന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തന്നെ. മുഖ്യമന്ത്രി പങ്കെടുക്കുന്ന രാജ്്ഭവന്‍ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരിക്കുമോ എന്നതിലാണ് സസ്‌പെന്‍സ്. ചിത്രം ഒഴിവാക്കുമെന്ന് ഗവര്‍ണര്‍ ഇതുവരെ സൂചന കൊടുത്തിട്ടില്ല. അഥവാ ചിത്രം അവിടെത്തന്നെയുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്തു നിലപാട് എടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭാരതാംബ വിവാദം കത്തിനിന്നപ്പോള്‍ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും അതിനു നിര്‍വാഹമില്ലെന്ന് ഗവര്‍ണറും അന്യോന്യം കത്തു നല്‍കിയിരുന്നതാണ്.