ആസിയാന്‍ വാണിജ്യ കരാറില്‍ നിന്ന് ഇന്ത്യ പുറത്തേക്കോ?

തെക്കു കിഴക്കന്‍ ഏഷ്യയിലെ പതിനൊന്നു രാജ്യങ്ങളുടെ വാണിജ്യ കൂട്ടായ്മയായ ആസിയാന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ (ആഫ്ത) നിന്ന് ഇന്ത്യ പിന്‍വാങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നു. ഇന്ത്യയിലെ ആഭ്യന്തര കാര്‍ഷിക വിപണനത്തെ വിദേശ ഇറക്കുമതി വെല്ലുവിളികളില്‍ നിന്നു രക്ഷിക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് കേന്ദ്രഗവണ്‍മെന്റ് ഇത്തരത്തിലുള്ള ആലോചനയിലേക്കു നീങ്ങുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഥവാ വാണിജ്യ കരാറില്‍ നിന്ന് ഇന്ത്യ പുറത്തു വരുന്നില്ലെങ്കില്‍ കൂടി കരാറിനെ ആഭ്യന്തര താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവുന്ന വിധത്തില്‍ പുനക്രമീകരിക്കാനുള്ള പരിശ്രമങ്ങളുണ്ടാകുമെന്നുറപ്പാണെന്ന് ഗവണ്‍മെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ബ്രൂണൈ, മ്യാന്‍മര്‍, കംബോഡിയ, തിമോര്‍, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയാണ് ആസിയാന്‍ അംഗരാജ്യങ്ങള്‍.
ഇവയില്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ റബറിനും കുരുമുളകിനും ഇതര സുഗന്ധവിളകള്‍ക്കും വന്‍തോതിലുള്ള ഭീഷണിയാണെന്നു തുടക്കം മുതലേ എതിര്‍പ്പുയരുന്നതാണ്. എന്തു തന്നെയായാലും 2009ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ അന്നു മുതല്‍ രാജ്യത്ത് അവഗണിക്കാനാവാത്ത കാര്‍ഷിക പ്രതിസന്ധികള്‍ക്കു കാരണമായിരുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരയായി മാറിയത് റബര്‍, കുരുമുളക് തുടങ്ങിയ വിളകളുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഉല്‍പാദക സംസ്ഥാനമായ കേരളത്തിലെ കര്‍ഷകരായിരുന്നു.
ആഫ്ത കരാറിന്റെ ലക്ഷ്യം പ്രാദേശിക വ്യാപാരവും സഹകരണവും ശക്തിപ്പെടുത്തുകയായിരുന്നെങ്കിലും ഫലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വന്‍തോതില്‍ പിന്‍വാതില്‍ പ്രവേശനം സാധ്യമാക്കി എന്ന ആരോപണവും പില്‍ക്കാലത്ത് ഉയര്‍ന്നിരുന്നു. വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങള്‍ മുഖേന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ എത്തിച്ചേര്‍ന്നിരുന്നു. തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍, യന്ത്രഭാഗങ്ങള്‍ എന്നിവയായിരുന്നു ഇത്തരത്തില്‍ വിപണനത്തിന്റെ കുറുക്കുവഴി കണ്ടെത്തിയത്. ഇതുവഴി ഇന്ത്യയിലെ ആഭ്യന്തര ഉല്‍പാദകര്‍ വന്‍തോതില്‍ പ്രതിസന്ധി നേരിടുകയായിരുന്നു. ഇത്തരം ഇറക്കുമതിക്കുമേല്‍ കാര്യക്ഷമമായ മേല്‍നോട്ടമോ തീരുവ നിയന്ത്രണമോ ഇല്ലാതിരുന്നത് ചൈനയ്ക്ക് ഏറെ ഗുണകരമായി മാറുകയും ചെയ്തു.
പൊതുവേ ആസിയാന്‍ കരാറിനോടു രാഷ്ട്രീയമായ വിമുഖതയാണ് തുടക്കം മുതല്‍ ബിജെപി പുലര്‍ത്തിയിരുന്നത്. ഇയ്യിടെ ലണ്ടനില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആസിയാന്‍ കരാറിനെതിരേ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ അഭിപ്രായപ്രകടനം നടത്തിയതോടെയാണ് നയംമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്.