വല്യമ്മാവന്റെ തോന്ന്യാസത്തെ തളയ്ക്കാന്‍ ബെയ്ജിങിലെ കൊച്ചമ്മാവന്‍ വരുമോ

ബെയ്ജിങ്: അമേരിക്ക ഒരു വശത്തും സോവിയറ്റ് യൂണിയന്‍ മറുവശത്തുമായി ലോകം രണ്ടു ശാക്തിക ചേരികളായി നിന്നിരുന്ന അവസ്ഥയാണ് യുഎസ്എസ്ആറിന്റെ തകര്‍ച്ചയോടെ തീര്‍ന്നത്. അതു കഴിഞ്ഞ് ലോകം ഒരൊറ്റ ശക്തിയുടേതു മാത്രമായി മാറി. അമേരിക്ക എന്ന ഒരേയൊരു ശക്തി. ഒരു മലയാളം മാസ് സിനിമയുടെ ഡയലോഗില്‍ പറഞ്ഞാല്‍ ദി വണ്‍ ആന്‍ഡ് ഒണ്‍ലി കിങ്. ലോക പോലീസായി അമേരിക്ക മാറുമ്പോള്‍ ആരും അതില്‍ വലിയ പ്രശ്‌നങ്ങളൊന്നും കണ്ടതുമില്ല, അവരായി അവരുടെ പാടായി എന്ന മട്ടിലൊരു സമീപനമായിരുന്നു ലോകത്തിനാകെ. അഥവാ തിരിച്ചൊന്നു കണ്ണുരുട്ടാന്‍ ആരും ഉണ്ടായതുമില്ല.
അങ്ങനെയിരിക്കെയാണ് മാഗാ അഥവാ മേക്ക് അമേരിക്ക ഗ്രേയ്റ്റ് എഗയ്ന്‍ എന്ന പ്രഖ്യാപനവുമായി ട്രംപിന്റെ ആദ്യവരവ്. അക്കാലവും ലോകം ക്ഷമിച്ചു. പിന്നീട് ഒരു ടേം ട്രംപിനെ അട്ടത്തിരുത്തി അമേരിക്കക്കാര്‍ തന്നെ പണി കൊടുക്കുകയും ചെയ്തു. അക്കാലവും അങ്ങനെ കഴിഞ്ഞു പോയി. പിന്നീട് ട്രംപിന്റെ രണ്ടാം വരവാണ് സംഭവബഹുലമായത്. ബൈബിളിലെ സെക്കന്‍ഡ് കമിങ് എന്നു പറയുന്നതു പോലെ ഒരു മാസ് എന്‍ട്രി. ഇത്തവണ മുദ്രാവാക്യവും മാറി. മാഗാ മാറി മാരാ ആയി. അതായത് മേക്ക് അമേരിക്ക റിച്ച് എഗയ്ന്‍. അമേരിക്കക്കാരെ രോമാഞ്ചം കൊള്ളിക്കാന്‍ ഇതില്‍ പരമൊന്നും വേണ്ടായിരുന്നു.
അമേരിക്കയില്‍ പോയി ട്രംപിനു വേണ്ടി ഇലക്ഷന്‍ പ്രചാരണം നടത്തുക വരെ ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഈ വരവില്‍ ഒരു മാതിരി ഇഞ്ചി കടിച്ച അവസ്ഥയിലാകുകയാണ് ആദ്യം ചെയ്തത്. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്, എന്തു പറയുമെന്ന് ആര്‍ക്കും അറിയില്ല, എന്തു ചെയ്യുമെന്ന് അത്രപോലും അറിയില്ല. അങ്ങനെയൊരു ട്രംപിന്റെ വാഴ്ചയുടെ പശ്ചാത്തലത്തിലാണ് ബെയ്ജിങിലെ ഇത്തവണത്തെ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി മാറിയിരിക്കുന്നത്. ഇതുവരെ അംഗരാജ്യങ്ങള്‍ പോലും അത്ര കാര്യമായെടുക്കാത്ത ഉച്ചകോടി നിന്ന നില്‍പില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനാണ് ഈ രണ്ടു ദിവസമായി ലോകം സാക്ഷ്യം വഹിക്കുന്നത്. എട്ടു വര്‍ഷമായി ചൈനയിലേക്കു നോക്കാത്ത മോദിയും കളികളുടെ ആശാനായ പുടിനുമെല്ലാം ഷീ ജിന്‍പിങ്ങുമായി ഹസ്തദാനം ചെയ്യാന്‍ മത്സരിക്കുന്നു.
ഇവിടെ ലോകത്തിന്റെ രണ്ടാം ശാക്തിക ചേരി രൂപപ്പെടുകയാണെന്നു കരുതുന്നവരാണേറെ. യുഎസ്എസ്ആറിന്റെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്നൊരു കസേരയുണ്ട്. കേരളത്തിലെ കൂട്ടുകുടുംബങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ചെറിയമ്മാവന്റെ കസേര. വല്യമ്മാവനായ അമേരിക്ക ഒരു കസേരയില്‍ വിസ്തരിച്ചിരിക്കുമ്പോള്‍ രണ്ടാമത്തെ കസേരയ്‌ക്കൊരു അവകാശിയുണ്ടാകുന്നു. അതാണ് ചൈന. ഇനി ലോകം അമേരിക്കയ്ക്കും ചൈനയക്കുമുള്ളത് എന്നു വിഭജിക്കപ്പെടുമോ. അതാണിനി ലോകം ഉത്തരം കാണാന്‍ കാത്തിരിക്കുന്ന ചോദ്യം. ഈ അവസ്ഥയിലേക്ക് ഇന്ത്യയെയും റഷ്യയെയും കൊണ്ടെത്തിക്കാന്‍ ചൈനയ്ക്കായെങ്കില്‍ അമേരിക്കയെ നേരിട്ടു നിന്ന് വെല്ലുവിളിക്കാനുള്ള ശക്തിയിലേക്കും അവര്‍ ഉയരുക തന്നെ ചെയ്യും. കാലം ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങുകയാണ്. അതിന്റെ ഒന്നാം രംഗത്തിന്റെ കര്‍ട്ടനാണിപ്പോള്‍ ചൈനയില്‍ ഉയര്‍ന്നിരിക്കുന്നത്. ഇതു തന്നെ ഷാങ്ഹായ് ഉച്ചകോടിയും പ്രധാന്യവും ഷീ ഇതിനു കൊടുത്തിരിക്കുന്ന വലിയ വിലയുടെ കാരണവും.