ആനവണ്ടിയും ആനക്കൂട്ടവും നേര്‍ക്കുനേര്‍, ഡ്രൈവറുടെ സംയമനം തുണയായി

ചാലക്കുടി: മലക്കപ്പാറയിലെ വനമേഖയില്‍ നിന്നു ചാലക്കുടിക്കു യാത്രക്കാരുമായി വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ടത് ഡ്രൈവറുടെ വിവേകപൂര്‍വമായ ഇടപെടല്‍ കൊണ്ട്. ആതിരപ്പള്ളി വെള്ളച്ചാട്ടമെത്തുന്നതിനു മുമ്പ് ആനക്കയത്താണ് കാട്ടാനക്കൂട്ടയും ആനവണ്ടിയും നേര്‍ക്കുനേര്‍ നിന്നത്. ശനിയാഴ്ച രാത്ര ഏഴരയോടെയായിരുന്നു സംഭവം.
വളവു തിരിഞ്ഞ് ബസ് വരുമ്പോഴാണ് തൊട്ടുമുന്നിലായി കാട്ടാനക്കൂട്ടത്തെ കാണുന്നത്. ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി, എന്നാല്‍ ലൈറ്റ് ഓഫ് ചെയ്തതുമില്ല. കുറേ സമയം റോഡില്‍ നിന്നിറങ്ങാതെ അങ്ങനെ തന്നെ ആനക്കൂട്ടം നിന്നു. ബസ് ഈ സമയമത്രയും അനക്കിയതുമില്ല. ആനകള്‍ സ്വയം ഒഴിഞ്ഞു പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു ഡ്രൈവര്‍. ഇത്രയുമായപ്പോള്‍ കൂട്ടത്തിലൊരു പിടിയാന ബസിനു നേരേ ഓടിയടുക്കുകയായിരുന്നു. മസ്തകം ഉപയോഗിച്ച് വന്ന വരവില്‍ ബസിന്റെ മുന്‍ഭാഗത്ത് ആഞ്ഞിടിച്ചു. ഇത്രയുമായപ്പോള്‍ ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്യുകയും വലിയ ശബ്ദത്തില്‍ ഇരപ്പിക്കുകയും ചെയ്തു. ഇതോടെ ചെറുതായൊന്നു ഭയന്ന ആന പിന്നോക്കം മാറി. ഇതേ നിലയില്‍ ബസ് കുറേ നേരം കൂടി നിര്‍ത്തിയിട്ടതോടെ ആനക്കൂട്ടം റോഡിന്റെ വശത്തുള്ള വനമേഖലയിലേക്ക് മാറി. അപ്പോഴാണ് ബസ് മുന്നോട്ടെടുത്തു പോയതും യാത്രക്കാര്‍ ഉള്‍പ്പെടെയെല്ലാവര്‍ക്കും ശ്വാസം നേരേ വീണതും. ആനയുടെ ഇടിയില്‍ ബസിന്റെ ബമ്പറിന് ചെറിയ കേടുപാടു സംഭവിച്ചതൊഴിച്ചാല്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല