കുടുംബത്തിനായി ഭര്‍ത്താവ് വൃക്ക വിറ്റു

ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം പോയ


തട്ടിപ്പിന്റെ വിചിത്രമായ വാര്‍ത്തകളാണ് അനുദിനം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹം മറ്റുള്ളവരുടെ ജീവനു വരെ ഭീഷണിയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ യുവാവിനുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. കുടുംബത്തിനു വേണ്ടി സ്വന്തം വൃക്ക വിറ്റ യുവാവിന്റെ ഭാര്യയുടെ പ്രവൃത്തിയാണ് മനസാക്ഷിയുള്ളവരെ ആശങ്കപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ വൃക്ക വിറ്റുകിട്ടിയ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ സംഭവമാണ് പുറത്തുവന്നത്.

ഭാര്യ പിന്നാലെ നടന്ന് നിര്‍ബന്ധിച്ചപ്പോഴാണ് യുവാവ് തന്റെ വൃക്ക വില്‍ക്കാന്‍ തയാറായത്. പത്ത് വയസുള്ള മകളുടെ സുരക്ഷിതമായ ഭാവിക്കും കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാനുമായിട്ടാണ് യുവാവ് മനസില്ലാ മനസോടെ ഈ സാഹസത്തിനു തയാറായത്. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടിയാണ് ഈ പണം വിനിയോഗിക്കുകയെന്ന് ഭര്‍ത്താവിനെ ഭാര്യ വിശ്വസിപ്പിക്കുകയും ചെയ്തു. വൃക്ക വില്‍ക്കാന്‍ കുറഞ്ഞത് പത്ത് ലക്ഷം രൂപയുടെ കരാറെങ്കിലും ഉറപ്പിക്കണമെന്ന് ഭര്‍ത്താവിനെ ചട്ടംകെട്ടുകയും ചെയ്തു. പിന്നലെ കിഡ്‌നിക്ക് ആവശ്യമുള്ളയാളെ തേടി ഒരു വര്‍ഷത്തോളം ദമ്പതികള്‍ നടന്നു. ഭര്‍ത്താവിന്റെ വൃക്ക സ്വീകരിക്കാന്‍ അനുയോജ്യനായ ആളെ കണ്ടെത്തി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ പണം ലഭിച്ചതോടെ ഭാര്യയുടെ മട്ടുമാറി. വൃക്ക വിറ്റുകിട്ടിയ പത്തു ലക്ഷം രൂപയുമെടുത്ത് ഭാര്യ കാമുകനൊപ്പം പോയി. ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെയിന്ററായ യുവാവിനൊപ്പമാണ് ഭാര്യ പോയത്. ശസ്ത്രക്രിയയും ചികിത്സയും നല്‍കിയ അനാരോഗ്യത്തിനൊപ്പം ഭാര്യയുടെ വിശ്വാസ വഞ്ചന കൂടിയായപ്പോള്‍ ഭര്‍ത്താവ് തകര്‍ന്നുപോയി.

മകളെ ഒപ്പം കൂട്ടി ഭര്‍ത്താവ് കാമുകന്റെ വീട്ടിലെത്തി യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. ഇനിയുള്ള കാലം കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ബന്ധം വേര്‍പെടുത്താനുള്ള നോട്ടീസ് അയയ്ക്കുമെന്നും യുവതി പറയുകയും ചെയ്തു.

രാജ്യത്ത് അവയവ വില്‍പനയ്ക്ക് 1994 മുതല്‍ നിരോധനമുണ്ട്. എന്നാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ ഇപ്പോഴും ഇത്തരം അവയവ കച്ചവടങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാര്യയുടെ വിശ്വാസവഞ്ചനയില്‍ തകര്‍ന്ന ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.