ഈ ദേശീയോദ്യാനത്തില്‍ വീഡിയോ എടുത്തതിനു വെട്ടിലായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ദമ്പതികള്‍. ഓസ്‌ട്രേലിയയിലെ ഉളുരു ദേശീയോദ്യാനത്തിലാണ് തങ്ങളുടെ യാത്രാവിവരണ വീഡിയോകള്‍ യൂട്യൂബില്‍ പോസ്റ്റുചെയ്യുന്ന ഹോബിയുമായി നടക്കുന്ന ബ്രിട്ട് ക്രോമി, ടിം ക്രോമി എന്നീ ദമ്പതികള്‍ വീഡിയോ എടുത്തത്. സ്ഥിരമായി ചെയ്യാറുള്ളതുപോലെ അവര്‍ തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഇതു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് അവര്‍ക്ക് തങ്ങളുടെ വീഡിയോ ഇരുപതോളം ചട്ടങ്ങള്‍ ലംഘിച്ചതായിപ്പറയുന്ന നീളന്‍ ഈമെയില്‍ ലഭിക്കുന്നത്. ഇതോടെ തങ്ങളുടെ വീഡിയോയുടെ പലഭാഗങ്ങളും നീക്കംചെയ്യേണ്ട അവസ്ഥയിലായി അവര്‍.
മുന്‍പ് അയേഴ്‌സ് റോക്ക് എന്നറിയപ്പെട്ടിരുന്ന ഉളുരു ദേശീയോദ്യാനം ടൂറിസ്റ്റുകള്‍ക്കൊരു പ്രധാന ആകര്‍ഷണമാണെങ്കിലും ഇവിടം ആദിമജനതയായ അനംഗു വംശജര്‍ക്ക് പുണ്യഭൂമിയുംകൂടിയാണ്. 2019ല്‍ ഇവിടെയുള്ള മലയിലേക്കുള്ള പ്രവേശനാനുമതിയും പൂര്‍ണ്ണമായി നിഷേധിച്ചിരുന്നു. ഇവിടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനും പ്രത്യേകാനുമതി ആവശ്യമാണ്. അതു മാനിക്കാത്തതിനാലാണ് ദമ്പതികള്‍ക്ക് നോട്ടീസ് ലഭിച്ചത്
എന്നാല്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും അനുവദനീയമല്ലെന്നു തങ്ങള്‍ക്കറിയില്ലായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. ഈമെയിലില്‍ നോട്ടീസ് ലഭിച്ചയുടനെ ഇവര്‍ അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു. എന്നാലും ചട്ടലംഘനം നടന്നിട്ടുണ്ടെന്നു പറഞ്ഞതിനാലാണിവര്‍ക്ക് തങ്ങളുടെ വീഡിയോയിലെ പലഭാഗങ്ങളും നീക്കേണ്ടതായി വന്നത്.
തങ്ങള്‍ക്കുണ്ടായ അനുഭവം ഒരു ഇന്‍സ്റ്റഗ്രാം വീഡിയോവഴിയാണിവര്‍ ലോകത്തോടു പങ്കുവച്ചത്. എന്നാല്‍ ഇതില്‍ തങ്ങള്‍ക്കു വിഷമമോ ദേഷ്യമോ ഇല്ലെന്നും, മറ്റുള്ളവരുടെ അറിവിലേക്കായി മാത്രം പറയുന്നതാണെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഈ ദേശീയോദ്യാനത്തില്‍ പടമെടുത്താല്‍ പണികിട്ടും, പിഴയൊടുക്കി വശംകെടും
