മെല്‍ബണ്‍: കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വിക്ടോറിയയിലെ ക്രൈം ക്യാപ്പിറ്റലായി മെല്‍ബണ്‍ മാറുന്നുവെന്ന് ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് എജന്‍സിയുടെ കണക്കുകള്‍ തെളിയിക്കുന്നു. ഇക്കൊല്ലം ജൂണ്‍ 30 വരെയുള്ള കണക്കു വച്ച് മെല്‍ബണില്‍ കുറ്റകൃത്യ നിരക്കില്‍ തൊട്ടു തലേ വര്‍ഷത്തെക്കാള്‍ 18.3 ശതമാനം വളര്‍ച്ചയാണുള്ളത്. തലേ വര്‍ഷം 4.08 ലക്ഷം കുറ്റകൃത്യങ്ങളായിരുന്നു നടന്നതെങ്കില്‍ ഇക്കൊല്ലം ജൂണ്‍ 30-ന് അവസാനിച്ച ഒരു വര്‍ഷത്തിനുള്ളില്‍ 4.83 ലക്ഷം കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ കൃത്യമായി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി രേഖപ്പെടുത്താന്‍ തുടങ്ങിയ 2004 നു ശേഷമുള്ള ഏറ്റവും കൂടിയ കുറ്റകൃത്യ നിരക്കാണിത്. 2017ല്‍ രേഖപ്പെടുത്തിയ കുറ്റകൃത്യ നിരക്കിനെക്കാള്‍ 22 ശതമാനം വര്‍ധനയാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. പ്രതിശീര്‍ഷ കുറ്റകൃത്യ നിരക്കില്‍ മെല്‍ബണ്‍ ഇക്കൊല്ലം നില്‍ക്കുന്നത് 2017ലെക്കാള്‍ പിന്നിലാണ്. ഓരോ ഒരു ലക്ഷം ആള്‍ക്കാര്‍ക്കും 18087 കുറ്റകൃത്യങ്ങളാണ് ഇക്കൊല്ലം രേഖപ്പെടുത്തിയതെങ്കില്‍ 2017ല്‍ അത് 18334 ആയിരുന്നു.
എന്നാല്‍ മെല്‍ബണിനെ അത്രയൊന്നും കുറ്റംപറയേണ്ടെന്നു പറയുന്നവരും ധാരാളമാണ്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ കണക്ക് മാത്രമാണ് കുറ്റകൃത്യങ്ങളുടെ എണ്ണമായി അവതരിപ്പിക്കപ്പെടുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. ഗാര്‍ഹിക കുറ്റകൃത്യങ്ങളില്‍ 27 ശതമാനം മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. മെല്‍ബണില്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് വസ്തു സംബന്ധമായ കേസുകളാണ്. രണ്ടാമതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് മോഷണ കേസുകളുമാണ്. വസ്തു കേസുകള്‍ മൊത്തം കേസുകളുടെ എണ്ണത്തിന്റെ 59 ശതമാനം വരുമെങ്കില്‍ മോഷണ കേസുകള്‍ 39 ശതമാനവും വരും. ഇതു രണ്ടും മാറ്റിനിര്‍ത്തിയാല്‍ മെല്‍ബണ്‍ വളരെ സമാധാന പൂര്‍ണമായ സംസ്ഥാനമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

