എന്തേ നെയില്‍ കട്ടറിനു ചൈന, എവിടെ പോയി നമ്മുടെ നെയില്‍ കട്ടര്‍ ഫാക്ടറികള്‍

നിങ്ങള്‍ ഉപയോഗിക്കുന്ന നെയില്‍ കട്ടറുകളില്‍ നോക്കിയിട്ടുണ്ടോ, അവയിലൊക്കെ മെയ്ഡ് ഇന്‍ ചൈന, അല്ലെങ്കില്‍ മെയ്ഡ് ഇന്‍ കൊറിയ എന്നായിരിക്കും എഴുതിയിരിക്കുക. എന്തേ, ലോകത്ത് വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് നെയില്‍ കട്ടര്‍ സാങ്കേതിക വിദ്യ ഇനിയും വശമായിട്ടില്ലേയെന്നു ചിന്തിക്കുന്നുവോ. രാജ്യത്തെ മൊത്തം നെയില്‍ കട്ടര്‍ ആവശ്യത്തിന്റെ ഒരു ശതമാനം പോലും ഇവിടെ ഉല്‍പാദനം നടക്കുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ ഉല്‍പാദിപ്പിക്കുന്നവ പോലും അതിനാവശ്യമായ വസ്തുക്കള്‍ ചൈനയില്‍ നിന്നും മറ്റുമായി ഇറക്കുമതി ചെയ്യുകയുമാണ്. സോഹോ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ സഹസ്ഥാപകന്‍ ശ്രീധര്‍ വേമ്പു കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടും വരെ കാര്യമായി ആരും ചിന്തിക്കുക പോലും ചെയ്യാതിരുന്ന കാര്യമാണിത്.
ഓരോ വര്‍ഷവും ഇന്ത്യ ചൈനയില്‍ നിന്നു മാത്രം ഇരുപത്തഞ്ച് ലക്ഷത്തിനടുത്ത് നെയില്‍ കട്ടറുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ നെയില്‍ കട്ടറിന്റെ കാര്യത്തില്‍ ഏറക്കുറേ മുഴുവനായി മറുനാടന്‍ ഉല്‍പാദകരെ ആശ്രയിക്കുന്നതിനുള്ള പ്രധാന കാരണം ഇതിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന സ്റ്റീലിന്റെ പ്രത്യേകതയാണ്. കാഴ്ചയില്‍ ലളിതമാണെങ്കിലും മൂര്‍ച്ച നിലനിര്‍ത്താന്‍ സാധാരണ സ്റ്റെയിന്‍ലസ് സ്റ്റീല്‍ പോരാ. അതിന് സ്‌പെഷലൈസ്ഡ് സ്റ്റീല്‍ എന്നു വിളിക്കുന്ന സ്റ്റീല്‍ തന്നെ വേണം. അതായത് നെയില്‍ കട്ടറിനു വേണ്ടി മാത്രം ഫാക്ടറിയില്‍ നിര്‍മിക്കുന്ന സ്റ്റീല്‍ കൊണ്ടു മാത്രമേ ഈ ഉല്‍പ്പന്നം ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ. ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനുള്ള സര്‍ജിക്കല്‍ നൈഫ് ഉണ്ടാക്കാന്‍ സ്‌പെഷലൈസ്ഡ് സ്റ്റീല്‍ വേണമെന്നു പറയുന്നതു പോലെ തന്നെയാണ് നെയില്‍ കട്ടറിന്റെ കാര്യവും. നെയില്‍ കട്ടര്‍ സ്റ്റീല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതേയില്ലെന്നു പറയാം. ഉരുക്കിനൊപ്പം നിശ്ചിത അനുപാതത്തില്‍ മറ്റു ലോഹങ്ങള്‍ ചേര്‍ത്തു തയാറാക്കുന്ന അലോയിയാണ് ഇതിനുപയോഗിക്കുന്നത്. ഇന്ത്യയിലെ സ്റ്റീല്‍ ഉല്‍പാദനം മുഴുവനായിത്തന്നെ കൊമോഡിറ്റി മോഡലിന്റെയാണ്. കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി, ഉല്‍പ്പന്ന നിര്‍മാണം എന്നിവയ്ക്കാണ് കൊമ്മോഡിറ്റി മോഡല്‍ സ്റ്റീല്‍ ഉപയോഗിക്കുന്നത്.
ഇത് അത്ര വലിയ കാര്യമാക്കേണ്ടതൊന്നുമില്ല, ലോകത്ത് ഒരു രാജ്യത്തിനും മറ്റെല്ലാ രാജ്യങ്ങളുടെയും സഹകരണം മാറ്റിവച്ച് പൂര്‍ണമായി സ്വയം പര്യാപ്തത പറ്റില്ലെന്നു സ്ഥാപിക്കാനാണ് ശ്രീധര്‍ വേമ്പു നെയില്‍ കട്ടറിനെ കൂട്ടു പിടിച്ചത്. അതുതന്നെയാണ് നമ്മളൊക്കെയും ഓര്‍ക്കേണ്ടത്. പരസ്പരം സഹകരിക്കുമ്പോഴാണ് ഈ ലോകത്തിന് അതിന്റെ സൗന്ദര്യം കിട്ടുന്നതു പോലും.