ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നിനെയാണ് ടോമ്മി റോബിന്‍സണ്‍ എന്ന തീവ്ര വലതുപക്ഷ നേതാവ് കഴിഞ്ഞ ദിവസം നയിച്ചതും ലണ്ടന്‍ നഗരത്തെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കിയതും. ഒന്നരലക്ഷത്തോളം പ്രവര്‍ത്തകരാണ് ഈ റാലിയില്‍ പങ്കെടുത്തത്. ചിലയിടങ്ങളിലാകട്ടെ പ്രകടനക്കാര്‍ നിയമം കൈയിലെടുത്ത് അഴിഞ്ഞാടിയപ്പോള്‍ തടയാന്‍ ശ്രമിച്ച രണ്ടു ഡസനിലധികം പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. യുണൈറ്റ് ദി കിങ്ഡം എന്നു പേരിട്ട റാലി പോലും യുണൈറ്റഡ് കിങ്ഡം എന്ന ബ്രിട്ടന്റെ പേരിന്റെ പാരഡിയായി മാറി.
സ്റ്റീഫന്‍ യാക്സ്ലി ലെന്നന്‍ എന്നതാണ് ടോമ്മി റോബിന്‍സന്റെ ജനനസമയത്തെ പേര്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലീഷ് ഡിഫന്‌സ് ലീഗ് എന്ന പ്രസ്ഥാനം സ്ഥാപിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് അദ്യത്തെ ശ്രദ്ധേയമായ ചുവടുവയ്പ് നടത്തുന്നത്. 2020 വരെ മുസ്ലീം വിരുദ്ധ രാഷ്ട്രീയമായിരുന്നു പ്രധാനമായും സംസാരിച്ചുകൊണ്ടിരുന്നത്. വിദ്വേഷ പോസ്റ്റുകളുടെ പേരില്‍ 2018ല്‍ ട്വിറ്ററില്‍ നിന്നും 2019ല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നും വിലക്ക് നേരിട്ടു. പിന്നീട് 2022ല്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തുകഴിഞ്ഞാണ് റോബിന്‍സന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും തുറന്നു കൊടുക്കുന്നത്. ഇപ്പോള്‍ എക്‌സില്‍ പത്തുലക്ഷത്തിലധികം ഫോളോവര്‍മാരാണ് റോബിന്‍സനുള്ളത്.
അമേരിക്കയിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി വളരെ അടുത്ത ബന്ധമാണ് റോബിന്‍സന്‍ പുലര്‍ത്തുന്നത്. അമേരിക്ക ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് ഫോറം എന്ന സംഘടനയില്‍ നിന്നാണ് പ്രധാനമായും ഫണ്ടുകള്‍ എത്തുന്നതെന്നു പറയുന്നു. പ്രൗഡ് ബോയ്‌സ് എന്ന സമാന വലതുപക്ഷ ഗ്രൂപ്പിന്റെ നേതാവ് തന്റെ പ്രചോദനം എന്നു വിളിക്കുന്നതും റോബിന്‍സനെയാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇദ്ദേഹത്തിനു കുത്തേറ്റിരുന്നു. ഇതിനു പിന്നില്‍ മുസ്ലിം വിഭാഗങ്ങളാണെന്ന് ആരോപിക്കുകയും ഇതിനെതിരേ എല്ലാവരും ഉണര്‍ന്നെഴുന്നേല്‍ക്കണമെന്നു പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരേ ഒരു പിടി കേസുകളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ 2005ലെ ആക്രമണ കേസ്, 2012ലെ പാസ്‌പോര്‍ട്ട് തട്ടിപ്പു കേസ്, 2014 ലെ പണയത്തട്ടിപ്പ് കേസ്, 2018ലെ കോടതിയലക്ഷ്യ കേസ് എന്നിവയാണ്. നാലുതവണ ജയില്‍ശിക്ഷയും ലഭിച്ചിട്ടുണ്ട്.
ആരാണ് ടോമ്മി റോബിന്‍സണ്‍: വിദ്വേഷത്തിന്റെ കൂട്ടുകാരന്‍, കേസുകളുടെ തോഴന്‍
