ജനപ്രിയ സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പായ വാട്സാപ്പില്‍ ഫേസ്ബുക്കിന് സമാനമായി കവര്‍ ഫോട്ടോ ഇടുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ മെറ്റ തയ്യാറാകുന്നു. നിലവില്‍ വാട്സാപ്പിനു ചിത്രങ്ങളൊന്നുമില്ലാത്ത പ്ലെയിന്‍ ലുക്കാണുള്ളത്. ഇത് മടുപ്പുളവാക്കുന്ന കാര്യത്തിലാണ് പുതിയ മാറ്റത്തിനുള്ള തയാറെടുപ്പ്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് അക്കൗണ്ടുകള്‍ വ്യക്തിഗതമാക്കുന്നതില്‍ വാട്സാപ്പ് പരാജയപ്പെടുന്നുവെന്ന വിലയിരുത്തലും മെറ്റയ്ക്കുണ്ട്. അക്കൗണ്ടുകളെ വ്യക്തിപരമാക്കുന്നു എന്നതാണ് കവര്‍ ഫോട്ടോകളും പ്രൊഫൈല്‍ ഫോട്ടോകളും വഴി ഫേസ്ബുക്കിനു ലഭിക്കുന്ന മെച്ചമെന്ന് ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും മാതൃ കമ്പനിയായ മെറ്റ കരുതുന്നു. ആദ്യകാലത്ത് വാട്സാപ്പിനു പ്രതിയോഗികള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ അതല്ല അവസ്ഥ. പ്രതിയോഗികള്‍ ഏറെയാണ്. അക്കൗണ്ടുകള്‍ വ്യക്തിഗതമാക്കുന്നതില്‍ അവരൊക്കെ ബഹുദൂരം മുന്നോട്ടു പോകുന്നുമുണ്ട്.
വാട്സാപ്പില്‍ കവര്‍ ഫോട്ടോയും പ്രെഫൈല്‍ ഫോട്ടോയും കൂടിയല്ലെങ്കിലും കവര്‍ ഫോട്ടോയെങ്കിലും ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് മെറ്റയെന്നാണ് ഫീച്ചര്‍ ട്രാക്കറായ വാട്സാപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. കവര്‍ ഫോട്ടോകള്‍ക്കായി ഒരു പുതിയ പ്രൈവസി സെറ്റിങ്സ് വാട്സാപ്പ് അവതരിപ്പിക്കുമെന്നും ഇത് ഫോട്ടോ ആരൊക്കെ കാണണമെന്ന് നിശ്ചയിക്കാനുള്ള അധികാരം ഉപഭോക്താവിനു തന്നെ നല്‍കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

