ദളപതിക്കു ശനിബാധയോ, ഒന്നാശ്വസിക്കാം രാഹു മൊത്തമായി വിഴുങ്ങിയിട്ടില്ല

ചെന്നൈ: കരൂരിലെ ടിവികെട്രാജഡിയുടെ തൊട്ടുപിന്നാലെ ഏറ്റവുമധികം ചോദ്യം ഉയരുന്നത് വിജയ്‌ന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചിടത്താണ്. രാഷ്ട്രീയം അവസരങ്ങളുടെ പ്രയോജമനമെടുക്കുന്നതിന്റെ കലയാണെങ്കില്‍ വിജയ്‌നു മുന്നില്‍ എല്ലാ വാതിലും അടഞ്ഞുപോയി എന്നു കരുതാനാവില്ല. സ്വന്തം നേട്ടത്തിനുപയോഗിക്കാവുന്ന പോസിറ്റീവ് അവസരങ്ങള്‍ ഇനിയും പ്ലാന്‍ ചെയ്തുണ്ടാക്കാന്‍ കാലമുണ്ട്, മറ്റുള്ളവരുടെ വീഴ്ചകളില്‍ നിന്നു മൈലേജ് ഉണ്ടാക്കി നെഗറ്റീവ് അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനു കാത്തിരിക്കാനും കാലമുണ്ട്. എന്തായാലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഒരു പേരുദോഷമായി എല്ലാക്കാലവും കൂടെയുണ്ടാകുമെന്നു മാത്രം.


ദുരന്തമുണ്ടായി എന്നതിലല്ല പേരുദോഷം സംഭവിക്കുക, ദുരന്ത മുഖത്ത് തീരെ പക്വതയില്ലാത്ത വിധത്തില്‍ സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമമുണ്ടായി എന്നതിലായിരിക്കും പേരുദോഷം വരിക. പോരെങ്കില്‍ കളിക്കുന്നത് അടിമുടി പക്വത മുറ്റിയ തന്ത്രശാലിയായ സ്റ്റാലിനോടും. പോസിറ്റീവ് അവസരവും നെഗറ്റീവ് അവസരവും മുതലാക്കുന്നതെങ്ങനെയെന്ന് വിജയ്‌ന് കണ്ടുപഠിക്കാന്‍ സ്റ്റാലിനോളം പറ്റിയ നേതാവ് വേറെയില്ല. നോക്കൂ, കരൂരിലെ ദുരന്തമുഖത്ത് ടിവികെയെയോ വിജയ്‌നെയോ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും പറയാതെ എല്ലായിടത്തും ഓടിയെത്തുക മാത്രമാണ് ചെയ്തത്. പരിക്കേറ്റവരുടെ കിടക്കയ്ക്കരികിലും മരിച്ചവരുടെ ബന്ധുക്കള്‍ക്കരികിലും ആശ്വാസമായി നില്‍ക്കുക മാത്രമാണ് ചെയ്തത്. കളം നിറഞ്ഞു നില്‍ക്കാന്‍ സ്വന്തം പുത്രനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയെ ഏര്‍പ്പാടാക്കുകയും ചെയ്തു.
വിജയ്‌ന്റെ തമിഴക വെട്രി കഴകം (ടിവികെ) പ്രവര്‍ത്തനത്തിന്റെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയത് അടുത്തയിടെയാണ്. ഇതുവരെ താരത്തിളക്കത്തിന്റെ ഹാങ് ഓവറില്‍ നിന്നു വിജയ് പുറത്തിറങ്ങിയോ എന്നു സംശയം. പ്രായോഗിക രാഷ്ട്രീയത്തില്‍ ഒപ്പം ആളെക്കൂട്ടാന്‍ താരത്തിളക്കം സഹായിച്ചേക്കാം. എന്നാല്‍ അതിലപ്പുറം വിജയം കൈവരുന്നത് സ്വന്തം പ്രായോഗിക ബുദ്ധിയുടെയും അനുഭവജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇതു രണ്ടുമാണ് വിജയ്‌ന് ഇല്ലാതെ പോയതും. കുറേ സ്വപ്‌നങ്ങള്‍ മാത്രം കൈമുതലായി രാഷ്ട്രീത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇപ്പോഴും സ്വപ്‌നങ്ങള്‍ പോലെ അവ്യക്തമാണ് ഇദ്ദേഹത്തിന്റെ ആശയങ്ങളും പ്രത്യയശാസ്ത്രവും മറ്റും.


പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡിഎംകെയെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ചത് അക്ഷരാര്‍ഥത്തില്‍ ക്ഷീണമായി പോയി. അതിനൊപ്പം ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവുമാക്കി. ഒരേ സമയം കേന്ദ്രത്തെയും സംസ്ഥാനത്തെയും ഒരുപോലെ മുഷിപ്പിച്ചതിനാല്‍ കിട്ടിയ അവസരത്തെ അവര്‍ ഇരുവരും എങ്ങനെ കൈകാര്യം ചെയ്യുമെന്നു കൂടി കണ്ടറിയേണ്ടതുണ്ട്. ഒരു തരത്തില്‍ കേരളത്തില്‍ സുരേഷ് ഗോപിക്കു സംഭവിച്ചതു തന്നെയാണ് തമിഴ്‌നാട്ടില്‍ വിജയ്‌നും സംഭവിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് കേന്ദ്രത്തിന്റെ ശക്തമായ പിന്തുണയുള്ളതിനാല്‍ ജനങ്ങളോടും സംവദിക്കുന്നതില്‍ എത്ര വീഴ്ചയുണ്ടായാലും കാര്യങ്ങള്‍ കൈവിട്ടു പോകില്ല. എന്നാല്‍ പോലും ഇടയ്ക്കിടെ കമ്മീഷണര്‍ ബാധിക്കുന്നത് മാധ്യമങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും ട്രോളാന്‍ വേണ്ടുവോളം കാര്യം കൊടുക്കുന്നു. വിജയ്‌ന്റെ കാര്യത്തില്‍ ദളപതി ബാധയാണ് പ്രശ്‌നം. എല്ലായിടത്തും സിനിമാറ്റിക് ഡയലോഗും ഗിമ്മിക്‌സുമല്ല ചെലവാകുക. ചെലവാകുന്നിടത്ത് അതാകാം. അല്ലാത്തിടത്ത് പ്രായോഗിക രാഷ്ട്രീയത്തിന്റെ വളരെ വ്യത്യസ്തമായ വ്യാകരണവും ഡയലോഗുകളും പഠിക്കേണ്ടിയിരിക്കുന്നു. ഇത് എത്രമാത്രം എത്ര വേഗത്തില്‍ പഠിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള അതിജീവനം.