അച്ഛന്മാര്‍ ഭരിച്ചിരുന്ന അമ്മയുടെ തലപ്പത്ത് അമ്മമാര്‍ വന്നിട്ട് ഇന്നു പതിനഞ്ച് ദിവസം പിന്നിടുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ ഓര്‍മ ആഘോഷിച്ചിരുന്ന അതേ ദിവസം തന്നെയാണ് വെള്ളിത്തിരയ്ക്കു പിന്നിലെ തിളക്കമില്ലാത്ത ലോകത്ത് ശരീരം കൊണ്ട് തീരാതെ തീരാതെ ഒത്തുതീര്‍പ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരായിത്തീരുന്ന നല്ല പാതിയുടെ പ്രാതിനിധ്യം അവകാശപ്പെടാന്‍ പറ്റുന്ന പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത്. ഇതുവരെയുള്ള രണ്ടാഴ്ച വിലയിരുത്തലിനു തികയുന്ന കാലമല്ല, എന്നാലും ശ്വേത മേനോനും കു്ക്കു പരമേശ്വരനുമൊക്കെ നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ നിന്നു പലതും പ്രതീക്ഷിച്ചുപോകുന്നു.
1994ല്‍ രൂപീകൃതമായതാണ് അമ്മ എന്ന നടീനടന്‍മാരുടെ സംഘടന. എന്നാല്‍ അന്നുമുതല്‍ അതൊരു ആണ്‍ഭരണത്തിന്റെ ലോകമായിരുന്നു. നടീ നടന്‍മാര്‍ എന്ന വാക്കിന്റെ കാര്യം തന്നെയെടുക്കുക. ഇതില്‍ നടിയെ ആദ്യം നിര്‍ത്തി നടന്‍മാരെ രണ്ടാമതായി മാത്രമേ കൊണ്ടുവരുന്നുള്ളൂ. അതിന്റെ ചൈതന്യത്തിനു നിരക്കുന്ന രീതിയിലാണ് ഇ്ത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആ പ്രതീക്ഷയ്‌ക്കൊത്തുയരാനുള്ള ബാധ്യത ശ്വേതയുടെ ഭരണസമിതിക്കുണ്ട്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിലെ പതിനഞ്ച് അംഗങ്ങളില്‍ ഏഴു പേരും വനിതകളാണ്. താക്കോല്‍ സ്ഥാനങ്ങളിലും വനിതകള്‍. പ്രസിഡന്റായി ശ്വേത മേനോനും സെക്രട്ടറിയായി കുക്കു പരമേശ്വരനും. ഇവര്‍ക്കു പിന്തുണയുമായി വോട്ട് ചെയ്തു വിജയിപ്പിച്ച ഭൂരിപക്ഷം പുറത്തുമുണ്ട്. ഇതാണ് എന്തെങ്കിലും ചെയ്യാനുള്ള സമയമെന്നു മറന്നു കൂടാ.
ഇങ്ങനെയൊരു ഭരണസമിതി വരുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളെല്ലാം ആവശ്യപ്പെടുന്നത് അമ്മയുടെ പെണ്‍മക്കളോടും പക്ഷം ചേരുന്ന നിലപാടു തന്നെയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

മലയാള സിനിമയുടെ കരുത്തുറ്റ നെടുംതൂണായ മോഹന്‍ലാല്‍ നേതൃത്വം കൊടുക്കുന്ന ഭരണസമിതി 2024ല്‍ മൊത്തത്തില്‍ രാജിവച്ചിറങ്ങിയത് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ കൊടുങ്കാറ്റിനു പിന്നാലെയാണ്. ജസ്റ്റിസ് ഹേമ നേതൃത്വം കൊടുത്ത കമ്മിറ്റി കണ്ടെത്തിയതു മുഴുവന്‍ നാണവും മാനവുമില്ലാത്ത ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ തന്നെയായിരുന്നു. സ്ത്രീകള്‍ സിനിമ ലോകത്ത് നേരിടുന്ന വേര്‍തിരിവുകളുടെ ഞെട്ടിക്കുന്ന ചിത്രം വരച്ചു കാണിക്കാനും ജസ്റ്റിസ് ഹേമയ്ക്കായി. ആ റിപ്പോര്‍ട്ട് നല്‍കിയ ധൈര്യത്തില്‍ പല മീ റ്റൂ ഏറ്റുപറച്ചിലുകളുമുണ്ടായപ്പോള്‍ എത്രയെത്ര വിഗ്രഹങ്ങളാണ് ഉടഞ്ഞു പോയത്.
ലിംഗ സമത്വത്തിനുള്ള മുറവിളി
ഇതിനു പിന്നിലും ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെയായിരുന്നു. സിനിമ ലോകത്തിനു പുറത്തു നിന്ന് പോലും ആദരണീയരായ വ്യക്തികള്‍ മുന്നോട്ടു വന്ന് സിനിമ ലോകത്ത് സ്ത്രീകള്‍ക്കു നീതി നല്‍കണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങി. സിനിമ ലോകത്തിനകത്തു നിന്നും ഇതേ രീതിയിലുള്ള മുറവിളികള്‍ ഉണ്ടായി.
സീനിയര്‍ താരങ്ങളുടെ പിന്തുണ

കാര്യങ്ങള്‍ നേരചൊവ്വെയല്ല അമ്മയുടെ അകത്തളങ്ങളില്‍ നടക്കുന്നതെന്ന തിരിച്ചറിവിലാണല്ലോ മോഹന്‍ലാലും മമ്മൂട്ടിയും പോലെയുള്ള സീനിയര്‍ താരങ്ങള്‍ ഭരണമാറ്റത്തിന് അനുകൂലമായി നിലപാടെടുക്കുന്നത്. അമ്മയിലെ അംഗത്വം കിട്ടാന്‍ പോലും ചില പ്രമാണിമാര്‍ക്കു മുന്നില്‍ താറഴിക്കേണ്ട അവസ്ഥയിലാണ് നടിമാരെന്ന വാര്‍ത്ത എത്ര ഞെട്ടലോടെയായിരുന്നു കേരളത്തിലെ പൊതു സമൂഹം കേട്ടത്.
അതുകൊണ്ട് ശ്വേതയും കുക്കുവുമൊക്കെ ഒരു കാര്യം മനസിലാക്കുക. കാലം നിങ്ങളോട് ആവശ്യപ്പെടുന്നത് വ്യത്യസ്തമായ സമീപനങ്ങളും തന്റേടത്തോടെയുള്ള ഇടപെടലുകളുമാണ്. അമ്മ ശരിക്കും ലോകത്തെ നല്ല അമ്മമാരെയൊക്കെ പോലെ കരുണയുടെയും ഉള്‍ക്കൊള്ളലിന്റെയും മുഖമായി മാറണം. സിനിമ ഏതു സോദരിക്കും പൂര്‍ണ സ്വാതന്ത്ര്യത്തോടെ കയറിവരാന്‍ പറ്റുന്ന തൊഴില്‍ മേഖലയാണെന്ന ബോധ്യം ഉണ്ടാക്കാന്‍ നിങ്ങള്‍ക്കു കഴിയണം. അപ്പോള്‍ ചരിത്രം നിങ്ങള്‍ക്കു വേണ്ടി തംസ് അപ് പറയും.