പെര്‍ത്ത്: സ്റ്റേറ്റ് നോമിനേറ്റഡ് മൈഗ്രേഷന്‍ പ്രോഗ്രാം (എസ്എന്‍എംപി) അനുസരിച്ച് വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്ക് അനുവദിച്ചിരിക്കുന്ന സ്കില്‍ഡ് മൈഗ്രേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള ഫെഡറല്‍ തീരുമാനത്തിനെതിരേ പ്രീമിയര്‍ റോജര്‍ കുക്ക് രംഗത്തെത്തി. കുടിയേറ്റത്തിന്റെ അനുവദനീയമായ എണ്ണം വെട്ടിക്കുറയ്ക്കുന്നത് വിദഗ്ധ തൊഴിലുകളിലേക്ക് യോജ്യരായവരെ ലഭിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശമായിരിക്കും നഷ്ടപ്പെടുത്തുകയെന്ന് റോജര്‍ കുക്ക് വിമര്‍ശനം ഉന്നയിച്ചു.
ആഭ്യന്തരകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പുതിയ പട്ടിക പ്രകാരം വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്ക് 2024-25ല്‍ അനുവദിച്ചിരുന്ന 5000 പൊസിഷനുകളില്‍ നിന്ന് 1500 പൊസിഷനുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതനുസരിച്ച് 2025-26ല്‍ 3500 പൊസിഷനുകള്‍ മാത്രമായിരിക്കും ലഭിക്കുക. മുപ്പതു ശതമാനത്തിന്റെ കുറവ് സംസ്ഥാനത്തിന്റെ പുരോഗതിയെ പിന്നിലേക്കു നയിക്കുമെന്ന വാദമാണ് പ്രീമിയര്‍ ഉന്നയിക്കുന്നത്. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച അത്രകണ്ട് മുരടിക്കുമെന്നും അദ്ദേഹം പറയുന്നു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. നിര്‍മാണ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പ്രതിരോധ മേഖലയിലും സംസ്ഥാനം കൂടുതലായി ആശ്രയിക്കുന്ന കുടിയേറ്റ തൊഴിലാളികളെയാണ്. ഇക്കാര്യം കണക്കിലെടുക്കാതെയുള്ള ഫെഡറല്‍ തീരുമാനം റദ്ദാക്കണമെന്ന് റോജര്‍ കുക്ക് ആവശ്യപ്പെടുന്നു.

