പെര്‍ത്ത്: അപായകരമായ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ പുറന്തള്ളലുമായി ബന്ധപ്പെട്ട നിയന്ത്രണ പദ്ധതിക്ക് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ രൂപം നല്‍കുന്നതായും അടുത്തു വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാന്‍ ആരംഭിക്കുമെന്നും എനര്‍ജി ആന്‍ഡ് ഡീകാര്‍ബണൈസേഷന്‍ വകുപ്പു മന്ത്രി ആംബര്‍ ജെയ്ഡ് സാന്‍ഡേഴ്‌സന്‍ അറിയിച്ചു. എന്നാല്‍ എന്താണ് ആ പദ്ധതിയെന്നോ അതിന്റെ ലക്ഷ്യം എത്രയെന്നോ വിശദീകരിക്കാന്‍ അവര്‍ തയാറാകുന്നതുമില്ല. നിലവില്‍ കാലാവസ്ഥാ സംരക്ഷണ പദ്ധതികളൊന്നും കൃത്യമായി രൂപപ്പെടുത്താത്ത ഏക ഓസ്‌ട്രേലിയന്‍ സംസ്ഥാനമാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ.
2030 ലക്ഷ്യം വച്ചുള്ള കാലാവസ്ഥാ പദ്ധതിക്കു പുറമെ വാതക പുറന്തള്ളല്‍ നിയന്ത്രണ പദ്ധതി ഇല്ലാത്ത രണ്ടു സംസ്ഥാനങ്ങള്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും നോര്‍തേണ്‍ ടെറിറ്ററിയുമാണ്. ഇതുമായി ബന്ധപ്പെട്ടു കണക്കാക്കുന്ന പുനരുപയോഗ ഊര്‍ജ വികസനത്തിന് പദ്ധതിയില്ലാത്ത മൂന്നു സംസ്ഥാനങ്ങളാണുള്ളത്-വെസ്റ്റണ്‍ ഓസ്‌ട്രേലിയയും നോര്‍തേണ്‍ ടെറിറ്ററിയും ന്യൂസൗത്ത് വെയില്‍സും. ഇന്നത്തെ വേഗതിയില്‍ മാത്രമാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ 2050 ആയാലും 2030ന്റെ ടാര്‍ജറ്റ് കൈവരിക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കു കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

