മലയാളികളാകണം മണ്ടന്‍മാരാകരുത്; കേരള പോലീസ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലിക്കായി പഠനത്തിനോ ജോലിക്കോ പോകാന്‍ തയാറെടുക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിനു പുതിയ സാമൂഹ്യമാധ്യമ പോസ്റ്റുമായി കേരള പോലീസ്. മറ്റു രാജ്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവേശിച്ചാലോ ജോലിയില്‍ സമ്പാദിച്ചാലോ നിങ്ങള്‍ക്കു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരാമെന്നാണ് പോസ്റ്റ് പറയുന്നത്. അവിടെ നിങ്ങള്‍ നിയമപരമായ കുരുക്കളില്‍ ഉള്‍പ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യാം. അല്ലെങ്കില്‍ വലിയ പിഴ അടയ്‌ക്കേണ്ടതായി വരാം. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണീ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മള്‍ മലയാളികളാണ്, മണ്ടന്മാരല്ല…!!
നിയമപ്രകാരല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
മറ്റു രാജ്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവേശിച്ചാലോ ജോലിയിലേര്‍പ്പെട്ടാലോ നിങ്ങള്‍ നിയമനടപടികള്‍ നേരിടേണ്ടതായി വരും. അത് നിങ്ങള്‍ അവിടെ ജയിലിലാകാനും വലിയ പിഴ അടയ്ക്കുവാന്‍ ബാധ്യസ്ഥനാകുവാനും കാരണമാകും.
അനധികൃതമായി കുടിയേറ്റപ്പെട്ടവര്‍ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിപ്പിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള യാതൊരു സഹായ സഹകരണങ്ങളും അത്തരക്കാര്‍ക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്.
അംഗീകൃത ഏജന്‍സികളില്‍ കൂടിയല്ലാതെ വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകുന്നവര്‍ അവിടുത്തെ തൊഴില്‍ രീതികളെക്കുറിച്ചോ, തൊഴില്‍ ദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വര്‍ധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെയോ സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളില്‍ മയങ്ങി തീരുമാനം എടുക്കരുത്.