ന്യൂഡല്‍ഹി: ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി അമ്മാനമാടി സംസ്ഥാന സര്‍ക്കാരും ഗവര്‍ണരും തുടരുന്ന വാശിപ്പോരില്‍ ഗവര്‍ണര്‍ക്കു സുപ്രീംകോടതി സമയം നീട്ടി നല്‍കി. വിസി നിയമനത്തിനു സര്‍ക്കാരിനോടും ഗവര്‍ണറോടും വെവ്വേറെ പാനലുകളെ നിര്‍ദേശിക്കാന്‍ ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നതാണ്. എന്നാല്‍ യോഗ്യരായവരുടെ പാനലിനെ കണ്ടെത്താന്‍ ഗവര്‍ണര്‍ കൂടുതല്‍ സമയം ചോദിച്ചതോടെ ഇന്നോടെ പ്രശ്‌നം തീരില്ലെന്നുറപ്പായി. ഗവര്‍ണര്‍ക്ക് തിങ്കളാഴ്ച വരെ സുപ്രീം കോടതി സമയം നീട്ടി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇന്നു കോടതി ചേര്‍ന്നപ്പോള്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ള വിദഗ്ധരുടെ പട്ടിക തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നാലു പേരുടെ പട്ടികയാണ് കോടതി ചോദിച്ചിരുന്നതെങ്കിലും പത്തു പേരുടെ പട്ടികയാണ് സംസ്ഥാനം തയാറാക്കിയതെന്നറിയുന്നു. തന്റെ പാനലിലേക്കു വരേണ്ട വിദഗ്ധരെ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരുടെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു. അതോടെയാണ് ഇനി കോടതി ചേരുന്ന ദിവസമായ തിങ്കളാഴ്ച വരെ സമയം നീട്ടി നല്‍കിയിരിക്കുന്നത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ സ്വന്തം നിലയില്‍ താല്‍ക്കാലിക വിസിമാരെ നിയോഗിച്ചത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അങ്ങനെ കോടതി കയറിയ അങ്കം ഇന്നും തീരുമാനമാകാതെ തുടരുന്നു.
വിസിയുടെ പേരിലെ വാശിപ്പോരില്‍ ഗവര്‍ണര്‍ക്കു സമയം നീട്ടിക്കിട്ടി
