എല്ലാ സംസ്ഥാനവും അടിസ്ഥാന വോട്ടര്‍ പട്ടികയുടെ പുതുക്കലിലേക്ക്, കമ്മീഷന്‍ ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധനയിലേക്ക് നീങ്ങുന്നു. ഇതിനായുള്ള തയാറെടുപ്പുകള്‍ ഈ മാസം മുപ്പതിനകം ആരംഭിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന നടത്താനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഇത്തരത്തിലുള്ള പരിഷ്‌കരണം ആദ്യം നടക്കുന്നത് സപെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) എന്ന പേരില്‍ ബീഹാറിലാണ്. ഇതിനെതിരേ സുപ്രീംകോടതിയില്‍ വരെ പരാതികളെത്തിയിരുന്നെങ്കിലും കോടതിയുടെ അനുമതിയോടെയും കോടതി നിര്‍ദേശിക്കുന്ന രീതിയിലുമാണിപ്പോള്‍ പരിഷ്‌കരണം നടന്നുകൊണ്ടിരിക്കുന്നത്.
ഈ മാസമാദ്യം സംസ്ഥാന കമ്മീഷണര്‍മാരോടാവശ്യപ്പെട്ടിരുന്നത് പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു. അതാണിപ്പോള്‍ സെപ്റ്റംബര്‍ മുപ്പതു വരെയാക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത കാലങ്ങളിലാണ് അവസാനമായി ഇത്തരത്തിലുള്ള സ്‌പെഷല്‍ റിവിഷന്‍ നടപ്പാക്കിയത്. പൊതുവേ 2010നു മുമ്പു നടന്ന പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഓരോ സംസ്ഥാനത്തെയും അടിസ്ഥാന വോട്ടര്‍ പട്ടിക. ഓരോ തിരഞ്ഞെടുപ്പാകുമ്പോഴും ഇതില്‍ കൂട്ടിച്ചേര്‍ക്കലും വെട്ടിക്കുറവുകളും വരുത്തുന്നുവെന്നേയുള്ളൂ. ഇത്തരം അടിസ്ഥാന വോട്ടര്‍ പട്ടിക ഓരോ സംസ്ഥാനത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമാണ്. അതില്‍ വരുത്തുന്ന അടിസ്ഥാനതല മാറ്റമാണ് സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ എന്ന പേരില്‍ വിളിക്കപ്പെടുന്നത്.