തൃശൂര്‍: വോട്ടര്‍ പട്ടികയിലെ തിരിമറിയുടെ പേരില്‍ തൃശൂരില്‍ നിന്നു വിജയിച്ച സുരേഷ് ഗോപിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി യുഡിഎഫും എല്‍ഡിഎഫും. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഇന്നു നടത്തിയ പത്ര സമ്മേളനത്തോടെയാണ് വീണ്ടും ഈ വിവാദം ചൂടുപിടിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യിക്കുന്നതിനു വേണ്ടി മാത്രം സുരേഷ് ഗോപി ഭാര്യയുടെയും മക്കളുടെയും മറ്റ് ഏതാനും ബന്ധുക്കളുടെയും വോട്ട് തൃശൂരിലേക്കു മാറ്റിയെന്നും തിരഞ്ഞെടുപ്പിനു ശേഷം ഇവരെല്ലാം വീടൊഴിഞ്ഞു പോയെന്നുമാണ് ടാജറ്റ് ആരോപിക്കുന്നത്.
‘വോട്ടര്‍ പട്ടികയില്‍ 1016 മുതല്‍ 1026 വരെയുളള വോട്ടുകളാണ് സുരേഷ് ഗോപി ഭാരത് ഹെരിറ്റേജ് എന്ന വീടിന്റെ വിലാസത്തില്‍ ചേര്‍ത്തത്. ഈ വീട്ടില്‍ ഇപ്പോഴും വോട്ടുണ്ട്. എന്നാല്‍ താമസക്കാര്‍ ഇവരല്ല. ഒരു തിരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരന്റെ കുടുംബവും തൃശൂരില്‍ വന്നു വോട്ടു ചേര്‍ക്കുകയും പിന്നീട് അവിടെ നിന്നു മാറിപ്പോകുകയും ചെയ്തു.’ ടാജറ്റ് ആരോപിച്ചു.
തൃശൂരിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തങ്ങളും പരാതി നല്‍കിയിരുന്നതാണെന്ന് പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇലക്ഷന് കമ്മീഷന് വെബ്സൈറ്റില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക അപ്രത്യക്ഷമായെന്നും ആരോപണമുണ്ട്. സൈറ്റ് ബ്ലോക്ക് ചെയ്തത് വിവരങ്ങള്‍ ഒളിക്കുന്നതിനു വേണ്ടിയാണോയെന്നു സംശയിക്കുന്നതായും സുനില്‍കുമാര്‍ പറഞ്ഞു.
തൃശൂരിലും നടന്നോ ‘വോട്ടു മോഷണം’
