വോട്ടര്‍ പട്ടിക 12 വരെ പേരു ചേര്‍ക്കാം, തീയതി നീട്ടി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇന്നുവരെ പേരു ചേര്‍ക്കാന്‍ പറ്റാതെ പോയവര്‍ക്കും സന്തോഷവാര്‍ത്ത. പേരു ചേര്‍ക്കേണ്ട അവസാന തീയതി ഈ മാസം 12 വരെ നീട്ടിയിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും തിരുത്തുന്നതിനുമുള്ള അവസാന തീയതി ഇന്നായിരുന്നു. എന്നാല്‍ പ്രതിപക്ഷ കക്ഷികളുടെ ആവശ്യമനുസരിച്ചാണ് തീയതി നീട്ടിവച്ചിരിക്കുന്നത്.
കുന്നുകൂടുന്ന അപേക്ഷകള്‍ക്കു നടുവില്‍ പെട്ടിരിക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍ എന്നാണറിയുന്നത്. ഓണ്‍ലൈനില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എത്തിയിരിക്കുന്നത് ഇരുപതു ലക്ഷത്തോളം അപേക്ഷകളാണ്. പുതുതായി വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരബുദ്ധിയോടെ കളത്തിലിറങ്ങിയിരിക്കുകയാണെന്നു ചുരുക്കം. ഓരോ അപേക്ഷയിലും ഹിയറിങ് നടത്തേണ്ട ജോലി ഇനിയും ശേഷിക്കുകയാണ്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് വേരിഫിക്കേഷനും ഹിയറിങ്ങും നടത്തേണ്ട ഉത്തരവാദിത്വം. കൃത്യമായ ടൈം സ്ലോട്ടുകള്‍ അനുവദിച്ച് അവര്‍ ഓഫ്‌ലൈനായി എത്തിയ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ വിളിച്ചിട്ട് ഹിയറിങ്ങിനെത്താന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കേണ്ടതായിട്ടുണ്ട്.