വോട്ട് ചോരി-സോഫ്റ്റ് വെയറില്‍ അനധികൃതമായി ഇടപെട്ട് അലന്ദില്‍ 6018 വോട്ടുകള്‍ വെട്ടിമാറ്റിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ അടുത്ത ആരോപണവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഏറെ ചര്‍ച്ചപ്പെടുന്ന വോട്ട് ചോരി ആരോപണത്തിന്റെ രണ്ടാം പടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെ വോട്ടര്‍ പട്ടികയില്‍ നിന്ന് സോഫ്‌റ്റെവെയര്‍ പ്രവര്‍ത്തനത്തില്‍ ഇടപെട്ടുകൊണ്ട് വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റുകയാണെന്ന ആരോപണമാണ് രാഹുല്‍ ഇന്നുയര്‍ത്തിയത്. താന്‍ പറഞ്ഞിരുന്ന ഹൈഡ്രജന്‍ ബോംബ് ഇതല്ലെന്നും അതു വരാനിരിക്കുന്നതേയുള്ളൂവെന്നും ന്യൂഡല്‍ഹിയില്‍ ഇന്ദിരാഭവനില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
കര്‍ണാടകത്തിലെ അലന്ദ് എന്ന അസംബ്ലി നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സോഫ്‌റ്റ്വെയര്‍ ദുരുപയോഗത്തിലൂടെയും വ്യാജ അപേക്ഷകളിലൂടെ വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ന്യൂനപക്ഷ സമുദായാംഗങ്ങളെയാണ് പ്രധാനമായും ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. അലന്ദ് മണ്ഡലത്തില്‍ നിന്ന് 6018 വോട്ടുകള്‍ നീക്കം ചെയ്യാനാണ് ആരോ ശ്രമിച്ചത്. യഥാര്‍ഥത്തില്‍ 2023ലെ തിരഞ്ഞെടുപ്പിനു മുമ്പായി എത്ര വോട്ടുകളാണ് നീക്കിയതെന്ന് അറിഞ്ഞുകൂടാ. എന്നാല്‍ 6018 വോട്ടുകളുടെ കാര്യത്തില്‍ ഇത്തരം ശ്രമമുണ്ടായി എന്നത് ഉറപ്പാണ്. ഒരു ബൂത്ത് ലവല്‍ ഓഫീസറുടെ അമ്മാവന്റെ വോട്ട് ഇത്തരത്തില്‍ നീക്കം ചെയ്തതു തിരിച്ചറിഞ്ഞതിനു പിന്നാലെ അവര്‍ നടത്തിയ അന്വേഷണത്തില്‍ ഒരു അയല്‍വാസിയാണ് ഇത്തരത്തില്‍ ചെയ്തതെന്നു വ്യക്തമായി. എന്നാല്‍ ഇക്കാര്യം അയല്‍വാസി നിഷേധിക്കുകയും ചെയ്തു. ഇതനര്‍ഥം മറ്റാരോ അനധികൃതമായി വോട്ടു നീക്കം ചെയ്തുവെന്നാണ്. രാഹുല്‍ ആരോപണം നിരത്തി. ഇത് യാദൃച്ഛികമായി സംഭവിച്ച വീഴ്ചയല്ല, വളരെ ആസൂത്രിതമായി നടത്തിയ സോഫ്‌റ്റ്വെയര്‍ ഇടപെടലാണെന്നാണ് രാഹുലിന്റെ വാദം. ഇത് അത്രയും മുഖ്യ തിരഞ്ഞെുടുപ്പ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ അറിവോടെയാണ് നടന്നിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.