വാഷിങ്ടന്‍: അമേരിക്കയിലെ ഒഹായിയോ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മലയാളി വംശജനായ വിവേക് രാമസ്വാമി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. രാമസ്വാമിയുടെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കുന്നതായും പിന്തുണ നല്‍കുന്നതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
മുപ്പത്തെട്ടുകാരനായ രാമസ്വാമി കരുത്തുറ്റ യുവാവും നല്ലൊരു രാജ്യസ്‌നേഹിയുമാണെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഒഹായിയോ സംസ്ഥാനത്തെ കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും ക്രമസമാധാന നില ഉറപ്പാക്കാനും അദ്ദേഹത്തിനു കഴിയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അടുത്ത വര്‍ഷം നവംബറിലാണ് ഒഹായിയോയില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള പ്രൈമറികള്‍ അടുത്ത മെയ്മാസത്തോടെ ആരംഭിക്കും. നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മൈക്ക് ഡിവൈന്‍ ആണ് ഗവര്‍ണര്‍. റിപ്പബ്ലിക്കന്‍സിന് മുന്‍തൂക്കമുള്ള സംസ്ഥാനമാണിത്. രാമസ്വാമി കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്‍മാറി ട്രംപിനു പിന്തുണ നല്‍കുകയായിരുന്നു.

