ന്യൂഡല്‍ഹി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തെ പുകഴ്ത്തി വിരാട് കോഹ്ലി. ഓസ്‌ട്രേലിയ പോലെയൊരു എതിരാളിക്കെതിരേ വലിയ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ മഹത്തരമായ ചേസാണ് ഇന്ത്യ നടത്തിയത്. ജമീമയുടേത് ശ്രേഷ്ഠമായ ഇന്നിങ്‌സായിരുന്നു. പ്രതിരോധം, വിശ്വാസം, അഭിനിവേശം എന്നിവ പ്രകടമാക്കുന്നതായിരുന്നു അവരുടെ ഇന്നിങ്‌സ്. വിരാട് കോഹ്ലി സമൂഹ മാധ്യമ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
വനിതാ ഏകദിന ലോകകപ്പില്‍ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. അസാധ്യമെന്നു തോന്നിയ കൂറ്റന്‍ വിജയലക്ഷ്യം അപാരമായ മനസാന്നിധ്യം കൊണ്ടു മറികടന്ന ജമീമ റോഡ്‌റിഗ്‌സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് വിജയശില്‍പികള്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയും ചെയ്തു.
134 പന്തുകള്‍ നേരിട്ട ജമീമ 14 ഫോറുകള്‍ സഹിതം 127 റണ്‍സുമായി പുറത്താകാതെ നിന്നു. 88 പന്തുകള്‍ നേരിട്ട ഹര്‍മന്‍ പ്രീത് കൗര്‍ 89 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തിന് ശക്തമായ പിന്തുണയേകുകയും ചെയ്തു.

