ചെന്നൈ: തമിഴ് സിനിമ താരം വിജയ് യുടെ തമിഴക വെട്രി കഴകം റാലി ആളെക്കൊല്ലിയാകുന്ന പരിപാടി തുടരുന്നു. ഇന്നലെ രാത്രി കരൂരിലെ റാലിക്കിടെ ഇരച്ചുകയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ജീവനൊടുങ്ങിയത് മുപ്പത്തിനാലു പേര്‍ക്കെന്ന് ആദ്യ കണക്കുകള്‍ പറയുന്നു. ജീവാപായത്തിന്റെ കൃത്യമായ കണക്കുകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. നിരവധി ആരാധകര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമാണ്. അവരില്‍ പലരും മരണത്തോടു മല്ലിടുകയാണ്.
റാലി വന്‍ ദുരന്തത്തിലേക്കു വഴി മാറിയതോടെ പ്രസംഗം അവസാനിപ്പിച്ച് വിജയ് പിന്‍വാങ്ങി. ഒരു വാഹനത്തിന്റെ പുറത്ത് താല്‍ക്കാലികമായി തയാറാക്കിയ വേദിയില്‍ വിജയ് പ്രസംഗം ആരംഭിച്ചതോടെ അതിനടുത്തേക്ക് ജനം തിങ്ങിക്കൂടുകയായിരുന്നു. അതോടെ നിരവധിയാള്‍ക്കാര്‍ക്ക് ശ്വാസം കിട്ടാതെയാകുകയും അവര്‍ കുഴഞ്ഞു വീഴുകയുമായിരുന്നെന്നു പറയുന്നു. വീണ്ടും ഇരച്ചു കയറിക്കൊണ്ടിരുന്ന ആള്‍ക്കാര്‍ ഇവര്‍ക്കു മുകളിലേക്കു വീണു. ഏറ്റവും അടിയിലായിപ്പോയവരാണ് മരിച്ചവരൊക്കെയും എന്നാണ് ആദ്യം ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉച്ചയോടെ വിജയ് യോഗത്തിനെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം എത്തിയപ്പോള്‍ സന്ധ്യയായിരുന്നു. പൊരിവെയിലില്‍ മണിക്കൂറുകള്‍ കാത്തു നിന്ന് ജനം തുടക്കം മുതല്‍ തലചുറ്റി വീഴുന്നുണ്ടായിരുന്നു. യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ ആള്‍ക്കൂട്ടത്തിനു നടുവില്‍ വാഹനത്തിന്റെ മുകളില്‍ കയറിയായിരുന്ന വിജയ്‌ന്റെ പ്രസംഗം. അതോടെയാണ് ജനങ്ങള്‍ വാഹനത്തിനടുത്തേക്ക് ഇടിച്ചുകൂടിയത്.
അപകടത്തിന്റെ വിവരം പുറത്തെത്തിയതോടെ ആംബുലന്‍സുകള്‍ക്ക് ജനത്തെ വകഞ്ഞുമാറ്റി അടുത്തേക്ക് എത്താന്‍ തന്നെ ഏറെ ബുദ്ധമുട്ടേണ്ടി വന്നു. ഇതോടെ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. സ്ഥലത്തെ ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റവരെയും മരിച്ചവരെയും എത്തിച്ചുകൊണ്ടിരിക്കുകയാണ്. സേലം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പരമാവധി ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സ്ഥലത്തെത്തിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാം ഉള്‍പ്പെടുന്നു. സെപ്റ്റംബര്‍ 13ന് തിരുച്ചിറപ്പള്ളിയിലും 20ന് നാഗപട്ടിണത്തും നടന്ന റാലികളില്‍ പങ്കെടുത്തവരെക്കാള്‍ വളരെ കൂടുതല്‍ ആള്‍ക്കാരായിരുന്നു കരൂരിലെത്തിച്ചേര്‍ന്നത്. മുഖ്യമന്ത്രി സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.
കരൂരില്‍ വിജയ്‌യുടെ റാലിയില്‍ ജനം ഇരച്ചെത്തി, തിക്കിലും തിരക്കിലും ഇതുവരെ 34 മരണം

