ഒട്ടാവ: ഏതെങ്കിലും പാശ്ചാത്യ രാജ്യത്തു ചെന്നാല്‍ കാര്യങ്ങളൊക്കെ കുശാലായി എന്നു കരുതുന്നവരുടെ ശ്രദ്ധയിലേക്ക് ഒരു വീഡിയോ കടന്നു ചെന്നിരിക്കുന്നത് ഏറെ ആശങ്കള്‍ കൂടി ജനിപ്പിച്ചുകൊണ്ടാണ്. കാനഡയില്‍ നിന്നാണീ ഇന്‍സ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലക്ഷണം കൊണ്ട് വിദ്യാഭ്യാസത്തിനായി കാനഡയില്‍ എത്തിയിരിക്കുന്നൊരു ഏഷ്യന്‍ യുവതിയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും സുഖസൗകര്യങ്ങളോടെയുള്ള ജീവിതവും മോഹിച്ച് എത്തിയിരിക്കുന്ന ഈ പെണ്‍കുട്ടി ഒരു കാര്‍ഡ് ബോര്‍ഡ് കഷണം കൊണ്ട് പൊതുസ്ഥലത്തിരുന്ന് പിച്ചയെടുക്കുന്നതിന്റെയാണീ വീഡിയോ. ഇതിനടിയില്‍ കമന്റുമായെത്തിയിരിക്കുന്നവരുടെ വാക്കുകളില്‍ നിന്ന് ഇതൊരു പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യന്‍ അതുമല്ലെങ്കില്‍ ഏതെങ്കിലും തെക്കന്‍ ഏഷ്യന്‍ രാജ്യത്തില്‍ നിന്നുള്ളയാളാണ്.
കാനഡയിലെ ജീവിതം പുറത്തു നിന്നു നോക്കുന്നൊരാള്‍ ചിന്തിക്കുന്നതു പോലെ നിറമുള്ളതല്ലെന്ന് ഇതു കാണുമ്പോള്‍ വ്യക്തമാകുന്നു. ദി ലാസ്റ്റ് ഔവര്‍ ന്യൂസ് (thelasthournews) എന്ന അക്കൗണ്ടില്‍ നിന്നാണിതു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ ഒന്നരലക്ഷത്തോളം കാഴ്ചക്കാരെയാണിതിനു കിട്ടിയിരിക്കുന്നത്.
വീഡിയോ തുടങ്ങുമ്പോള്‍ കൈയിലൊരു കാര്‍ഡ് ബോര്‍ഡ് കഷണവുമായി ഒരു പൊതുസ്ഥലത്തിരിക്കുന്ന ചെറുപ്പക്കാരി. ആരോ തന്നെ റെക്കോഡ് ചെയ്യുന്നുണ്ടെന്നു മനസിലാക്കുമ്പോള്‍ അതേ കാര്‍ഡ് ബോര്‍ഡ് കൊണ്ടു മുഖം മറയ്ക്കുന്നു. പിന്നീട് അവിടെ നിന്നെഴുന്നേറ്റ് ആള്‍ക്കൂട്ടത്തിനിടയിലേക്കു പോകുന്നു. അത്രമാത്രമാണിതിലുള്ളത്. എന്നാല്‍ ആ കുട്ടിയുടെ മുഖത്തെ ദൈന്യമാണ് ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.
വിദേശ വിദ്യാര്‍ഥികളുടെ ജീവിതം കാനഡയിലും അമേരിക്കയിലുമൊക്കെ തീരെ ഗ്ലാമറസ് അല്ലെന്നാണ് ഇതിന്റെ താഴെ കമന്റുകള്‍ വന്നിരിക്കുന്നത്. ഉയര്‍ന്ന ജീവിതച്ചെലവ്, കനത്ത ട്യൂഷന്‍ ഫീസ്, താങ്ങാനാവാത്ത മറ്റു ചെലവുകള്‍ എന്നിവയുടെ പിടിയിലാണത്രേ പലരും.
കാനഡയില്‍ ചെന്നാല്‍ കാര്യങ്ങള്‍ മുഴുവന്‍ അടിപൊളിയല്ല, ഈ കുട്ടിയെ കണ്ടോളൂ
