മെല്‍ബണ്‍: വിക്ടോറിയയില്‍ നടപ്പാക്കുന്ന കണക്ടിങ് ദി ഡോക്ടേഴ്‌സ് വന്‍ വിജയത്തിലേക്ക്. അധികമായി പത്ത് പൊതുജനാരോഗ്യ മേഖലകളെ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അല്ലന്‍ ലേബര്‍ ഗവണ്‍മെന്റ്. ഏതൊക്കെ മേഖലകളിലാണോ വൈദ്യസഹായം കൂടുതലായി ആവശ്യമുള്ളത് അവിടേക്കെല്ലാം ഈ പദ്ധതി നീട്ടാനുള്ള തയാറെടുപ്പിലുമാണ് ഗവണ്‍മെന്റ് എന്ന് ആരോഗ്യ മന്ത്രി മേരി ആന്‍ തോമസ് വെളിപ്പെടുത്തി. ഗ്രാമീണ മേഖലയിലും നഗരത്തിനു പുറത്തുള്ള മേഖലകളിലും കൃത്യമായും സമയബന്ധിതമായും ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്നതിന് ഇതിലൂടെ ഗവണ്‍മെന്റിനു സാധിക്കുന്നു.
ഈസ്റ്റ് ജിപ്സ്ലാന്‍ഡില്‍ ഒമിയോ ഡിസ്ട്രിക്ട് ഹെല്‍ത്ത്, ബെയിന്‍സ് ഡേല്‍ റീജണല്‍ ഹെല്‍ത്ത്, ഓര്‍ബോസ്റ്റ് റീജണല്‍ ഹെല്‍ത്ത്, ജിപ്സ്ലാന്‍ഡ് ലേക്‌സ് കംപ്ലീറ്റ് ഹെല്‍ത്ത് എന്നീ സ്ഥാപനങ്ങള്‍ കൂടിയാണ് കണക്ടിങ് ദി ഡോക്ടേഴ്‌സിന്റെ ഭാഗമാകുന്നത്. 2023ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇതുവരെ എഴുപതു ഡോക്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗത്ത് വിദഗ്ധരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി ആരംഭിച്ചത്. കൂടുതല്‍ ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ തയാറായി വരുന്നതാണ് പദ്ധതിയുടെ വിജയത്തിനു പിന്നില്‍.

