വിക്ടോറിയയില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും ടാബ്ലറ്റും സൗജന്യം

മെല്‍ബണ്‍: വിക്ടോറിയയിലെ എല്ലാ ഗവണ്‍മെന്റ് സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും സൗജന്യമായി നല്‍കുന്നതിനു വിക്ടോറിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനം. ഇവ സ്‌കൂളില്‍ വച്ചുള്ള ഉപയോഗത്തിനു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. 2027 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌ക്രീന്‍ ടൈം ഉപയോഗം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ ഉപയോഗം സ്‌കൂളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്. ഇതുവഴി ഓരോ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന് അഞ്ഞൂറു ഡോളറിലധികം ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിക്ടോറിയയുടെ ഡെപ്യൂട്ടി പ്രീമിയറും വിദ്യാഭ്യാസ മന്ത്രിയുമായ ബെന്‍ കാരള്‍ അറിയിച്ചതാണ് ഇക്കാര്യം.

സന്തുലിതമായ സാങ്കേതികവിദ്യാ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്തുന്നതെന്നും ബെന്‍ കാരള്‍ അറിയിച്ചു. ഏറ്റവും താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രതിദിനം ഒന്നര മണിക്കൂര്‍ സ്‌ക്രീന്‍ ടൈം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളോടുള്ള ആസക്തി ഒഴിവാക്കുന്നതിലൂടെ വിദ്യാര്‍ഥികളെ ഏകാഗ്രതയുള്ളവരാക്കാനും കൂടുതല്‍ പാഠ്യകാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരാക്കാനുമാണ് ആഗ്രഹമെന്നും അദ്ദഹം പറഞ്ഞു.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ അധ്യയനം മുന്നോട്ടു കൊണ്ടുപോകുന്നതെങ്ങനെയെന്ന് പരിശീലിപ്പിക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായ വസ്തുക്കളും ഒന്നാം ടേം മുതല്‍ തന്നെ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്യുന്നതായിരിക്കും. വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് പഠനത്തിനൊപ്പം പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടിയാണിതെന്ന് കാരള്‍ വെളിപ്പെടുത്തി.