വാടക കരാറിനു പോര്‍ട്ടബിലിറ്റി അനുവദിച്ച് നിയമം വരുന്നു, അനേകര്‍ക്കു പ്രയോജനം

മെല്‍ബണ്‍: ഏറെ സാമൂഹ്യ പ്രാധാന്യവും ഉപഭോക്തൃ രക്ഷയും ഉറപ്പാക്കുന്ന പോര്‍ട്ടബില്‍ റെന്റല്‍ ബോണ്ട് സ്‌കീം അവതരിപ്പിച്ച് വിക്ടോറിയയിലെ ലേബര്‍ ഭരണകൂടം. ഇതു സംബന്ധിച്ച ബില്‍ നിയമ നിര്‍മാണ സഭയില്‍ ഉപഭോക്തൃകാര്യങ്ങള്‍ക്കുള്ള മന്ത്രി നിക്ക് സ്‌റ്റൈക്കോസ് അവതരിപ്പിച്ചു. ഇതു നിയമമാകുന്നതോടെ ഒരു വാടക വീട് ഒഴിഞ്ഞ് മറ്റൊരു വീട് എടുക്കുന്നവര്‍ക്ക് രണ്ടാമതൊരു വാടക കരാര്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കും. രണ്ടാമതൊരു വാടക കരാറില്‍ ഏര്‍പ്പെടുന്നതിനു പകരം ആദ്യത്തെ കരാര്‍ തന്നെ പോര്‍ട്ട് ചെയ്ത് പുതിയ കെട്ടിട ഉടമയുടെ പേരിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതാണ് ഈ നിയമം.

ഇതുവഴി ഒരു കരാര്‍ നിലനില്‍ക്കെ രണ്ടാമതൊരു കരാറിനു കൂടി പണം മുടക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്നാണ് വാടകക്കാര്‍ രക്ഷപെടുന്നത്. എന്നാല്‍ രണ്ടാമത്തെ വീട്ടുടമയ്ക്ക് ഇതില്‍ നിന്നു ലഭിക്കേണ്ട പണത്തിനു ഗവണ്‍െമെന്റ് ജാമ്യം നില്‍ക്കുകയോ പണമായി നല്‍കുകയോ ചെയ്യും. ഈ പണം പിന്നീട് വാടകക്കാരന്‍ സ്വന്തം സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒന്നിച്ചോ തവണകളായോ ഗവണ്‍മെന്റിലേക്ക് തിരിച്ചടച്ചാല്‍ മതിയാകും. വാടകക്കാരുടെ വലിയൊരു ബാധ്യത ഗവണ്‍മെന്റ് ഏറ്റെടുക്കുകയാണെന്ന് ഇതു സംബന്ധിച്ച് പ്രീമിയര്‍ ജസീന്ത അലന്‍ അഭിപ്രായപ്പെട്ടു. ഈയിനത്തില്‍ ചെലവാക്കേണ്ടിയിരുന്ന വലിയൊരു തുക ലാഭിക്കാനാണ് വാടകക്കാര്‍ക്ക് സാധിക്കുകയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമനിര്‍മാണം 7,36,000 വാടകക്കാര്‍ക്കു പ്രയോജനം ചെയ്യുമെന്നു കണക്കാക്കിയിരിക്കുന്നു. വാടകക്കാരനു പ്രയോജനം കിട്ടുന്ന വിധത്തില്‍ വീട്ടുവാടക അധികമാകാതെ നോക്കാനും കെട്ടിട ഉടമയ്ക്കു പ്രയോജനം കിട്ടുന്ന രീതിയില്‍ കെട്ടിടത്തിന്റെ സുരക്ഷിതമായ സൂക്ഷത്തിന്റെ ഉത്തരവാദിത്വം വാടകക്കാരനു നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. റെന്റ് ടെക് പോലെയുള്ള ആപ്പുകള്‍ വഴി വാടകയ്ക്ക് വീടു കണ്ടെത്തുന്നതിന് അധികമായി പണം നല്‌കേണ്ടി വരുന്ന സാഹചര്യത്തിനും ഈ ബില്‍ തടയിടുന്നുണ്ട്.