വേടന്‍ ഇങ്ങനെയായിരുന്നോ, പീഢന പരാതികളെത്തുന്നു, ഒന്നിനു പിന്നാലെ ഒന്നായി

തിരുവനന്തപുരം: ഹിരണ്‍ദാസ് മുരളിയെന്ന റാപ്പ് ഗായകന്‍ വേടനെതിരേ ലൈംഗിക പീഢനത്തിന് പരാതിയുമായി രണ്ടു യുവതികള്‍ കൂടി. ഇവര്‍ നേരിട്ടു മുഖ്യമന്ത്രിയുടെ ഓഫീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരാളുടെ പരാതിപ്രകാരം 2020ലാണ് പീഢനം നടന്നത്. രണ്ടാമത്തെയാളുടെ പരാതിയില്‍ പറയുന്നതനുസരിച്ച് 2021ലാണ് പീഢനം. ഇതിനകം യുവ ഡോക്ടറുടെ പീഢന പരാതിയില്‍ വേടനെ തൃക്കാക്കര പോലീസ് തേടിക്കൊണ്ടിരിക്കുകയാണ്. വിദേശത്തേക്ക് രക്ഷപെടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അവധിക്കു വച്ചതു മുതല്‍ വേടന്‍ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്. അവധിക്കുവച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.
പുലിപ്പല്ലു ധരിച്ചതുമായി ബന്ധപ്പെട്ട് ഒരു വനംകേസിലും വേടന്‍ കുരുക്കിലാണ്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വേടന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരുന്നെങ്കിലും പിന്നീട് ഉപാധികളോടെ വിട്ടു നല്‍കുകയായിരുന്നു. ആദ്യത്തെ പീഢന പരാതിയില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതു മുതല്‍ വേടന്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല എന്നാണ് പോലീസിന്റെ ഭാഷ്യം. ഇക്കാലയളവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേടന്‍ സംഗീത പരിപാടികള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും എല്ലാം റദ്ദാക്കിയിട്ടുണ്ട്. സംഘാടകര്‍ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.