ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റാപ്പര്‍ വേടനെതിരേ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. എന്നാല്‍ വേടന് എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ഒളിവില്‍ പോയെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം വേടന്റെ തൃശൂരിലെ വീട്ടില്‍ പോലീസ് എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ഒളിവില്‍ പോയെന്ന നിഗമനത്തിലാണ് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണത്തിനു പോലീസ് തയാറെടുക്കുന്നത്. വിവാഹ വാഗ്ദാനം നല്കി ഹിരണ്‍ദാസ് മുരളി പീഢിപ്പിച്ചു എന്നു കാട്ടി ഡോക്ടറായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട്ടും എറണാകുളത്തും വച്ച് നിരന്തരമായ പീഢനത്തിനിരയായി എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്തതായാണ് പരാതി.
നിലവില്‍ വേടനെ അറസ്റ്റു ചെയ്യുന്നതിന് നിയമപരമായ പ്രശ്നമൊന്നും പോലീസിനു മുന്നിലില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കേസിന്റെ വിധിക്കായി കാക്കുന്നതിനിടെ പോലീസ് പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പരസ്പരം സമ്മതിച്ചു നടത്തിയ ലൈംഗിക വേഴ്ചയായിരുന്നെന്നും അതിനു ശേഷം തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമായിരുന്നു ഹൈക്കോടതിയില്‍ വേടന്റെ വാദം. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനു പകരം സര്‍ക്കാരിന്റെ വിശദീകരണം തേടി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് കേസ് ഓഗസ്റ്റ് പതിനെട്ടിലേക്കു മാറ്റിവച്ചിരുന്നു.
വേടന് ഒളിവില്‍, വ്യാപക അന്വേഷണത്തിന് പോലീസ്
