ക്യാപ്റ്റന്‍ കുക്ക് സ്മാരകം ദ്രാവകമൊഴിച്ച് വികൃതമാക്കി, രണ്ടുപേര്‍ അറസ്റ്റില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൈനികസ്മാരകമായ അന്‍സാക് സ്മാരകം എണ്ണകലര്‍ന്ന ദ്രാവകമൊഴിച്ചു കേടാക്കാന്‍ ശ്രമിച്ചകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയോടെ രണ്ടാളും ഹൈഡ് പാര്‍ക്കിലെ സൈനിക സ്മാരകത്തിന്റെ ഭിത്തിയിലും പടിക്കെട്ടുകളിലും എണ്ണകലര്‍ന്ന ദ്രാവകമൊഴിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ കിഴക്കേവശത്തെ ചുവരും വടക്കുഭാഗത്തെ പടിക്കെട്ടും ദ്രാവകമൊഴിച്ചു വൃത്തികേടാക്കിയപ്പോള്‍ മറ്റേയാള്‍ തെക്കുഭാഗത്തെ പടിക്കെട്ടുകളാണ് വൃത്തികേടാക്കിയത്. ദ്രാവകമൊഴിച്ചശേഷം രണ്ടാളും പെട്ടെന്നുതന്നെ സ്ഥലംവിടുകയും ചെയ്തു. രണ്ടാളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കുകയും ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെ ഇരുവരും ഔബേന്‍ പോലീസ് സ്്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അറുപത്തൊന്നുവയസ്സു പ്രായമായവരാണ് ഇരുവരും. പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ പേരില്‍ സംരക്ഷിതസ്ഥലങ്ങള്‍ക്ക് മനഃപൂര്‍വ്വം നാശനഷ്ടം വരുത്തിയതിനും രണ്ടായിരത്തിനും അയ്യായിരത്തിനുമിടയില്‍ ഡോളര്‍ മൂല്യമുള്ള വസ്തുവകകള്‍ നശിപ്പിച്ചതിനുമുള്ള കേസുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇരുവരെയും പോലീസ് പരമാറ്റ കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചു.