തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായ വി. എസ് അച്യുതാനന്ദന്‍ അന്തരിച്ചു. അദ്ദേഹത്തിനു 101 വയസായിരുന്നു. ജൂണ്‍ മധ്യത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മരണം സംഭവിക്കുന്നത്.
വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്നു പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം എകെജി സ്മാരക പഠനകേന്ദ്രത്തിലും ഡര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഇന്നുച്ചകഴിഞ്ഞ് പ്രത്യേക വാഹനത്തില്‍ കൊല്ലം വഴി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്‌കാരം ക്രമീകരിച്ചിരിക്കുന്നത്.

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ സ്വന്തം പേരിന്റെ ചുരുക്കെഴുത്തായ വിഎസ് എന്ന രണ്ടക്ഷരം കൊണ്ട് മലയാളിയുടെ രാഷ്ട്രീയബോധ്യങ്ങളിലും സാമൂഹ്യനീതി ധാരണകളിലും സിംഹാസനം ഉറപ്പിക്കുകയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ശേഷിച്ചിരുന്ന ഏക വ്യക്തിയായിരുന്നു വിഎസ്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഒരു തലമുറ പൂര്‍ണമായി കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞിരിക്കുന്നു.
2019ല്‍ പക്ഷാഘാതം നേരിടുന്നതു വരെ സജീവമായി പൊതുരംഗത്ത് വിഎസ് ഇടപെട്ടു പോരുകയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ശയ്യാവലംബിയായതോടെ അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെയും അന്ത്യമായി. ഒന്നാം പിണറായി സര്‍ക്കാരില്‍ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചതാണ് വിഎസിന്റെ അവസാനത്തെ ഔദ്യോഗിക കൃത്യനിര്‍വഹണം.
2006-2011 കാലയളവില്‍ സംസ്ഥാന മുഖ്യമന്ത്രിയായും 1991-1996, 2001-2006, 2011-2016 കാലയളവുകളില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാല്‍ ഈ പദവികളെക്കാളേറെ കേരളത്തിന്റെ ജനകീയ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനമാണ് ജനഹൃദയങ്ങളില്‍ അദ്ദേഹം വഹിച്ചത്.