അമേരിക്കയില്‍ വിമാനയാത്ര ദുരിതം, എഴുനൂറു സര്‍വീസുകള്‍ വെട്ടിക്കുറച്ചു, റീബുക്ക് ചെയ്യാന്‍ നിര്‍ദേശം

വാഷിങ്ടന്‍: അമേരിക്കയിലെ അടച്ചുപൂട്ടല്‍ നാല്‍പതു ദിവസത്തിലേക്ക് അടുക്കുമ്പോള്‍ വിമാന സര്‍വീസുകള്‍ വളരെ ഗുരുതരമായി ബാധിക്കപ്പെട്ടു. എഴുനൂറിലധികം വിമാന സര്‍വീസുകളാണ് വെള്ളിയാഴ്ച മാത്രം വെട്ടിക്കുറച്ചത്. ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കുന്ന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് പതിനാലാം തീയതിയാകുമ്പോള്‍ ആകെയുള്ള സര്‍വീസുകളുടെ പത്തു ശതമാനം പിന്‍വലിക്കാനാണ് തീരുമാനം. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലും ദുരിതത്തിലുമായി. അമേരിക്കന്‍ ജനത സമീപകാലത്തെങ്ങും പരിചയപ്പെടാത്ത സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്.

വാഷിങ്ടനും ന്യൂയോര്‍ക്കു ഉള്‍പ്പെടെ രാജ്യത്തെ ചെറുതും വലുതുമായ എല്ലാ വിമാനത്താവളങ്ങളെയും വെട്ടിക്കുറയ്ക്കല്‍ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നിലവില്‍ രാവിലെ ആറു മുതല്‍ പത്തു വരെയുള്ള സര്‍വീസുകള്‍ക്കു മാത്രമാണ് വിഘ്‌നം വന്നിരിക്കുന്നതെങ്കിലും ഓരോ ദിവസം മുന്നോട്ടു പോകുന്നതനുസരിച്ച് കൂടുതല്‍ സമയങ്ങളിലേക്ക് വെട്ടിക്കുറയ്ക്കല്‍ ദീര്‍ഘിപ്പിക്കുമെന്നാണ് അറിയുന്നത്. യാത്രാ വിമാനങ്ങള്‍ പോലെ കാര്‍ഗോ വിമാനങ്ങളും ഈ നടപടിക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇത് ചരക്കു നീക്കത്തെയും കുറിയര്‍ സര്‍വീസുകളെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ്.

നിലവില്‍ രാജ്യാന്തര സര്‍വീസുകള്‍ക്ക് കുഴപ്പമൊന്നുമില്ലെങ്കിലും ആഭ്യന്തര യാത്രക്കാരാണ് ഏറ്റവും വലഞ്ഞിരിക്കുന്നത്. രാജ്യാന്തര സര്‍വീസുകളെ കൂടി ബാധിക്കുന്ന സാഹചര്യവും ഒരുപക്ഷേ ഉണ്ടായേക്കാമെന്നും പറയുന്നു. നിലവില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നവര്‍ എയര്‍ ലൈനുകളുടെ സൈറ്റിലൂടെ റീബുക്കിങ് അല്ലെങ്കില്‍ റീഷെഡ്യൂളിങ് ചെയ്യാനാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യം റീബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന തോതിലാണ് സീറ്റുകള്‍ അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *