ഫെഡറല്‍ ബാങ്കില്‍ 6196 കോടി നിക്ഷേപത്തിന് ബ്ലാക്‌സ്റ്റോണ്‍, 9.99% ഓഹരികള്‍ സ്വന്തമാകും

കൊച്ചി: യുഎസ് ആസ്ഥാനമായ ബ്ലാക്‌സ്റ്റോണ്‍ കേരളത്തിന്റെ സ്വന്തം ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്കില്‍ വന്‍തോതില്‍ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. 6196 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള വാര്‍ത്ത. ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് ബ്ലാക്‌സ്റ്റോണ്‍. മുന്‍ഗണനാ ഓഹരികളുടെ വില്‍പനയിലൂടെയായിരിക്കും ബ്ലാക്‌സ്‌റ്റോണിന് ബാങ്കിലേക്ക് മൂലധനം ഒഴുക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നത്. പിന്നീട് ഓഹരിയാക്കാവുന്ന 27 കോടിയിലേറെ വാറന്റുകള്‍ പുറത്തിറക്കിക്കൊണ്ടായിരിക്കും ഇതു ചെയ്യുക. ഒരെണ്ണത്തിന് 227 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ബ്ലാക്‌സ്‌റ്റോണിന് ഫെഡറല്‍ ബാങ്കില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരിക്കും. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇവരുടെ പ്രതിനിധിയും ഇടംപിടിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം മൂലധന സമാഹരണത്തിന് അനുമതി നല്‍കി. ഓഹരിയുടമകളുടെ അംഗീകാരം കൂടി ഈ നീക്കത്തിനു ലഭിക്കേണ്ടതുണ്ട്. അതിനായി നവംബര്‍ 19ന് അസാധാരണ യോഗം വിളിക്കുന്നതുമായിരിക്കും. ഇതിനു പുറമെ റിസര്‍വ് ബാങ്ക്, കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതികളും ആവശ്യമാണ്. അതിനായുള്ള നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *