ബെയ്ജിങ്: അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് പറന്നുയര്‍ന്ന ഒരു യുദ്ധ വിമാനവും ഒരു ഹെലികോപ്ടറും മുപ്പതു മിനിറ്റിന്റെ ഇടവേളയില്‍ ദക്ഷിണ ചൈന കടലില്‍ തകര്‍ന്നു വീണു. എംഎച്ച് 60 സീഹോക്ക് ഹെലികോപ്ടറും എഫ്എ 18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനവുമാണ് തകര്‍ന്നു വീണത്. എങ്ങനെയാണിവ തകര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് യുഎസ് പ്രതികരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നു പേരെയും വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരെയും രക്ഷപെടുത്താന്‍ സാധിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം ആരംഭിച്ച ദിവസം തന്നെയാണ് ഈ സംഭവം നടന്നിരിക്കുന്നതും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ ദക്ഷിണ കൊറിയയില്‍ ആസിയാന്‍ ഉച്ചകോടിക്കിടെ സംഭാഷണം നടത്താനിരിക്കുകയുമാണ്. അമേരിക്കയും ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന അതീവ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്താണ് ഈ സംഭവം നടക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ ആ സമയം അമേരിക്കന്‍ യുദ്ധ വിമാനം എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യമാണ് ഇതു സംബന്ധിച്ച് ഉയരുന്നത്. എന്നാല്‍ സൈനിക പ്രകടനത്തിനിടെ വിമാനം തകര്‍ന്നു എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്.

