വാഷിങ്ടന്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ അടച്ചു പൂട്ടല്‍ മുപ്പത്തേഴാം ദിവസത്തിലേക്കു പ്രവേശിച്ചിരിക്കെ ഇന്നു മുതല്‍ രാജ്യത്തെ നാല്പത് വിമാനത്താവളങ്ങളിലെ പത്തു ശതമാനം വീതം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തിച്ചേരാനാകുന്നതു വരെ ഇത്രയും വിമാനങ്ങള്‍ സര്‍വീസ് നടത്തുകയില്ല. യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയച്ചതാണ് ഇക്കാര്യം.
ഫെഡറല്‍ അടച്ചുപൂട്ടല്‍ കാരണം എയര്‍ ട്രാഫിക് കണ്ട്രോളര്മാര് അടക്കം പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. അമേരിക്കയില്‍ 13000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും 50000 ട്രാന്സ്പോര്ട്ടേഷന് സെക്യുരിറ്റി അഡ്മിനിസ്ട്രേഷന് ഏജന്റുമാരും ശമ്പളമില്ലാതെയാണ് നിര്‍ബന്ധിതാവസ്ഥയില്‍ ജോലി ചെയ്യേണ്ടതായി വന്നിരിക്കുന്നത്. ഇതുമൂലം ജീവനക്കാര്‍ ജോലിക്കെത്താത്ത സാഹചര്യമാണ് മിക്കയിടത്തുമുള്ളത്. സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതില്‍ വ്യാപകമായ കാലതാമസമാണ് ഇതിന്റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളും ഏറെ വൈകിയാണ് പൂര്‍ത്തിയാക്കാനാവുന്നത്.
ഏതൊക്കെ വിമാനത്താവളങ്ങളിലായിരിക്കും വെട്ടിക്കുറയ്ക്കല്‍ വരുത്തുകയെന്നു പറഞ്ഞിട്ടില്ലെങ്കിലും രാജ്യത്തെ അതിപ്രധാനമായ ന്യൂയോര്‍ക്ക് സിറ്റി, വാഷിങ്ടന്‍ ഡിസി, ചിക്കാഗോ, അറ്റ്ലാന്റ, ലോസാഞ്ചലസ്, ഡള്ളാസ് തുടങ്ങിയ വിമാനത്താവളങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്നു പറയുന്നു. ഇതുമൂലം 1800 വിമാന സര്‍വീസുകള്‍ മുടങ്ങും. 2.68 ലക്ഷം എയര്‍ലൈന്‍ സീറ്റുകളും നഷ്ടമാകും. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ജോലി സമ്മര്‍ദം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

