‘കൂട്ടത്തോടെ തലവെട്ട്’ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയുടെ മനക്കണക്ക് പാളി

സിഡ്‌നി: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നൂറുകണക്കിനു ജീവനക്കാരെ പിരിച്ചു വിടാനുള്ള യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയുടെ നീക്കത്തിനു തിരിച്ചടി. വിവാദപരമായ ഈ നീക്കത്തില്‍ നിന്നു പിന്തിരിയണമെന്ന് സര്‍വകലാശാലയോട് സേഫ് വര്‍ക്ക് സിഡ്‌നി ആവശ്യപ്പെട്ടു. മനശാസ്ത്രപരമായ പ്രത്യാഘാതങ്ങളെ മുന്‍നിര്‍ത്തിയാണ് സേഫ് വര്‍ക്കിന്റെ ഉത്തരവ്.
800 ജീവനക്കാര്‍ക്ക് ചൊവ്വാഴ്ചയാണ് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് സൂചിപ്പിച്ച് യൂണിവേഴ്‌സിറ്റി ഇമെയില്‍ അയയ്ക്കുന്നത്. അടുത്തു തന്നെ നടക്കാന്‍ പോകുന്ന പുനസംഘടനയില്‍ ഇത്രയും വേക്കന്‍സികള്‍ അധികമാകുമെന്നതായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എക്‌സിക്യൂട്ടീവുകളുമായി ബന്ധപ്പെടണമെന്നും ഇവരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം 780 ലക്ഷം ഡോളറിന്റെ കമ്മി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ചുരുങ്ങിയത് നാനൂറ് ജീവനക്കാരുടെ പോസ്റ്റുകളെങ്കിലും അധികമാണെന്നു വരുത്താന്‍ യൂണിവേഴ്‌സിറ്റി പരിശ്രമിച്ചു വരികയായിരുന്നു. ഇതുവഴി ചെലവുചുരുക്കല്‍ നടപ്പാക്കാനായിരുന്നു ശ്രമം. ഇതില്‍ 150 പോസ്റ്റുകളെങ്കിലും അധ്യാപകരുടേതായിരുന്നു. നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന നൂറോളം കോഴ്‌സുകള്‍ നിര്‍ത്തലാക്കാനും തീരുമാനമുണ്ടായിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോള്‍ ഗവണ്‍മെന്റ് ഇടപെടലിലൂടെ തടസം നേരിട്ടിരിക്കുന്നത്.
ഒരു പൂര്‍വവിദ്യാര്‍ഥി പരിപാടിയില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റില്‍ യാത്രചെയ്യുന്നതിന് ഇരുപതിനായിരം ഡോളര്‍ അനുവദിച്ചിരുന്നതിനും ലേഓഫ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കെപിഎംജിക്ക് 70 ലക്ഷം ഡോളര്‍ കൊടുത്തതിനുമൊക്കെ അടുത്തയിടെ യൂണിവേഴ്‌സിറ്റി ഏറെ വിമര്‍ശനം കേട്ടിരുന്നതാണ്.
നൂറുകണക്കിനു പോസ്റ്റുകള്‍ ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുന്നതും കാര്യങ്ങള്‍ മുന്‍കൂട്ടി തീര്‍പ്പാക്കിയ രീതിയില്‍ ഇമെയില്‍ അയയ്ക്കുന്നതുമെല്ലാം ബന്ധപ്പെട്ട ജീവനക്കാര്‍ക്കുണ്ടാക്കുന്ന മാനസികാഘാതമാണ് സേഫ് വര്‍ക്ക് വിഷയമാക്കിയത്.