വാഷിങ്ടന്‍: യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ആകാശത്ത് 36000 അടി ഉയരത്തില്‍ വച്ച് വിമാനത്തില്‍ എന്തോ അജ്ഞാത വസ്തു വന്നിടിക്കുകയായിരുന്നുവെന്നു പറയുന്നു. അടിയന്തരമായി നിലത്തിറക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
അമേരിക്കയിലെ ഡെന്‍വറില്‍ നിന്നു ലോസാഞ്ചലസിലേക്കു പറക്കുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഈ സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിനു പരിക്കേല്‍ക്കുകയും ചെയ്തു. 134 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എന്തോ അജ്ഞാതവസ്തു വിന്‍ഡ്ഷീല്‍ഡ് തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുകയും പൈലറ്റിന് ഇടിയേല്‍ക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൈലറ്റിന്റെ കൈകളില്‍ നിന്നു ചോരയൊഴുകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോക്പിറ്റില്‍ ചില്ലുകള്‍ ചിതറിക്കിടക്കുകയാണ്. എന്താണ് വിമാനത്തില്‍ വന്നിടിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

